പോര്‍ഷെയുടെ 911 ജിടി 2 ആര്‍എസ് മോഡലിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നു

പോര്‍ഷെ ഔദ്യോഗികമായി നിര്‍മാണം അവസാനിപ്പിച്ച 911 ജിടി 2 ആര്‍എസ് പുനര്‍നിര്‍മ്മിക്കുന്നു. പോര്‍ഷെ അടക്കം രണ്ടായിരത്തോളം കാറുകളുമായി പോയ ഗ്രാന്റ് അമേരിക്ക എന്ന കപ്പല്‍ കടലില്‍ മുങ്ങിത്താന്നതിനു പിന്നാലെയാണ് കമ്പനിയുടെ ഈ നടപടി.

നാല് പോര്‍ഷെ 911 ജിടി 2 ആര്‍എസ് അടക്കം രണ്ടായിരത്തോളം കാറുകളുമായി ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്ന് ബ്രസീലിലെ സാന്റോസിലേക്കുള്ള യാത്രയിലായിരുന്നു ചരക്ക് കപ്പല്‍ തീപിടിച്ചത്. കാറുകള്‍ക്കൊപ്പം രാസവസ്തുക്കളുമുള്ളതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയും കപ്പല്‍ മുങ്ങിത്താഴുകയുമായിരുന്നു. എന്നാല്‍ കപ്പല്‍ തീപിടിച്ചു നശിച്ചതിനെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വാഹനം എത്തിച്ചു നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ബ്രസീലിലേക്ക് അയച്ച ഈ നാല് മോഡലുകള്‍ ഉപഭോക്താക്കള്‍ക്കായി എത്തിച്ച് നല്‍കാനാണ് പോര്‍ഷെ, 911 ജിടി 2 ആര്‍എസിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നത്.

അടുത്ത മാസം മുതല്‍ നിര്‍മാണം തുടങ്ങുമെന്നും ജൂണില്‍ കാറുകള്‍ കൈമാറുമെന്നും കമ്പനി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഏകദേശം നാല് കോടിയോളം രൂപയാണ് പോര്‍ഷെ 911 ജിടി 2 ആര്‍എസിന്റെ വില. പോര്‍ഷെയ്ക്കൊപ്പം ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എ3, എ5, ക്യൂ 7, ആര്‍എസ് 4, ആര്‍എസ് 5 തുടങ്ങിയ നിരവധി വാഹനങ്ങളും മുങ്ങിത്താന്നിട്ടുണ്ട്.

Top