അശ്ലീല പരാമര്‍ശം; ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

കട്ടപ്പന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ ജോയ്സ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോയ്സ് ജോര്‍ജ് നടത്തിയത് അങ്ങേയറ്റം മോശമായ പരാമര്‍ശമാണ്. രാഹുല്‍ ഗാന്ധിയുടെ പരിപാടികളിലെ ആള്‍ക്കൂട്ടം കണ്ട് വിറളി പൂണ്ടാണ് ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘രാഹുല്‍ ഗാന്ധിയുടെ പര്യടന പരിപാടികളില്‍ ലക്ഷണക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നത് കണ്ട് വിറളി പൂണ്ടിയിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ജോയ്സ് ജോര്‍ജിനെപ്പോലൊരു മുന്‍ എംപി ഇത്തരം തരംതാണ പ്രസംഗം നടത്തിയത്. ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണം. രാഹുല്‍ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരേ വളരെ അപമാനകരമായ രീതിയില്‍ അദ്ദേഹം സംസാരിച്ചു’. നാട്ടിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണിത് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Top