മറിയം വാതില്‍ തുറന്ന് പുറത്തു വരും, ഒളികണ്ണാല്‍ പൊറിഞ്ചുവിനെയൊന്ന് നോക്കും

ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പൊറിഞ്ചുവായി ജോജു ജോര്‍ജും മറിയമായി നൈല ഉഷയും ജോസായി ചെമ്പന്‍ വിനോദും തകര്‍ത്തഭിനയിച്ച ചിത്രം തീയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രം കണ്ടിറങ്ങിയ പലരെയും അത്ഭുതപ്പെടുത്തിയ ഒന്നാണ് പൊറിഞ്ചുവും മറിയവും തമ്മിലെ പ്രണയം. ഇരുവരുടേയും പ്രണയം വെളിപ്പെടുത്തുന്ന ചിത്രത്തിലെ നീല മാലാഖേ എന്ന ഗാനം പുറത്തിറങ്ങി.

സിനിമയില്‍ ജോജുവും നൈലയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മില്‍ വളരെക്കാലമായി പ്രണയത്തിലാണ്. തികച്ചും വ്യത്യസ്തമായൊരു പ്രണയമാണ് ഇരുവരും തമ്മിലുള്ളതെന്ന് ഗാനരംഗങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. വലിയ തറവാട്ടിലെ പെണ്‍കുട്ടിയായ നൈലയുടെ വീടിനു മുന്നില്‍ എന്നും രാത്രി ജോജു വന്നു കാത്തു നില്‍ക്കും.

അത് അറിഞ്ഞിട്ടും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് മറിയം. വാതില്‍ തുറന്നു പുറത്തു വന്ന് ജോജുവിനെ ഒളികണ്ണാലൊന്നു നോക്കി ഗെയ്റ്റ് പൂട്ടി തിരിച്ചുപോകും. മനോഹരമായാണ് ജോഷി ഇരുവരുടെയും പ്രണയം ചിത്രീകരിച്ചിരിക്കുന്നത്.

ജേക്സ് ബിജോയ് ആണ് സംഗീതം. ബി കെ ഹരിനാരായണന്റെ വരികള്‍. കേശവ് വിനോദ് ആണ് മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്.

Top