ചൈനീസ് ജനസംഖ്യയില്‍ ഇടിവ്; ആറു പതിറ്റാണ്ടിനിടെ ഇതാദ്യം

ബീജിങ്: ചൈനയിൽ കഴിഞ്ഞവർഷം ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈനീസ് ജനസംഖ്യയിൽ ഇടിവുണ്ടാകുന്നത്. 140 കോടി ജനസംഖ്യയുള്ള രാജ്യത്ത്, ജനനനിരക്കിൽ റെക്കോഡ് താഴ്ചയാണ് ഉണ്ടായത്.

2022 അവസാനത്തോടെ ജനസംഖ്യ ഏകദേശം 1,411,750,000 ആയിരുന്നുവെന്ന് ബീജിങിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എൻബിഎസ്) റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 850,000 കുറവ് ആണ് രേഖപ്പെടുത്തിയത്.

ജനനം 9.56 ദശലക്ഷവും, മരണസംഖ്യ 10.41 ദശലക്ഷവുമാണെന്ന് എൻബിഎസ് വ്യക്തമാക്കുന്നു. തൊഴിൽ ശേഷി വെച്ചു നോക്കുമ്പോൾ ജനസംഖ്യയിലുണ്ടായ ഇടിവ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തടസ്സപ്പെടുത്തുമെന്നും, പൊതു ഖജനാവിൽ സമ്മർദ്ദം വർധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

1960 ലാണ് ചൈനീസ് ജനസംഖ്യയിൽ ഇതിന് മുമ്പ് ഇടിവുണ്ടാകുന്നത്. മാവോ സേ തൂങ്ങിന്റെ നയങ്ങളായിരുന്നു അന്ന് തിരിച്ചടിയായത്. ചൈനയിൽ അനിയന്ത്രിതമായ ജനപ്പെരുപ്പമുണ്ടാകുമെന്ന ഭയത്താൽ 1980 ൽ ഒറ്റക്കുട്ടി നയം കൊണ്ടു വന്നിരുന്നു. എന്നാൽ 2016 ൽ ആ നയം പിൻവലിച്ചു. 2021 ൽ ദമ്പതികൾക്ക് മൂന്നു കുട്ടികൾ വരെയാകാൻ ചൈനീസ് ഭരണകൂടം അനുമതി നൽകുകയും ചെയ്തിരുന്നു.

Top