യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ ജനപിന്തുണ വര്‍ധിക്കുന്നു

കീവ്: യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുടെ ജനപിന്തുണ വര്‍ധിക്കുന്നു. റേറ്റിംഗ് സോഷ്യോളജിക്കല്‍ ഗ്രൂപ്പെന്ന പ്രശസ്തമായ സ്ഥാപനം നടത്തിയ സര്‍വേയില്‍ 91 ശതമാനം പേരും സെലന്‍സ്‌കിയെ പിന്തുണച്ചു. വെറും ആറ് ശതമാനം മാത്രമാണ് യുക്രൈന്‍ പ്രസിഡന്റിനെ പിന്തുണയ്ക്കാതിരുന്നത്.

മൂന്ന് ശതമാനം പേര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരിച്ചു. രാജ്യത്തെ 2000 പേരില്‍ നിന്നാണ് ഈ ഗ്രൂപ്പ് അഭിപ്രായ സമാഹരണം നടത്തിയത്. യുക്രൈനെതിരെ റഷ്യ ബഹുമുഖ ആക്രമണങ്ങള്‍ കടുപ്പിക്കുമ്പോഴും വന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന് വ്ലാദിമിര്‍ സെലന്‍സ്‌കിയ്ക്ക് ലോകമെങ്ങും നിന്നും അഭിനന്ദനമെത്തുന്നതിനിടെയാണ് സര്‍വേ ഫലവും പുറത്തെത്തുന്നത്.

ക്രിമിയയില്‍ നിന്നുള്ളവരുടേയും കിഴക്കന്‍ യുക്രൈനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരേയും ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. സെലന്‍സ്‌കി ഭരണകൂടത്തിന് റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാനാകുമോ എന്ന ചോദ്യത്തിന് 70 ശതമാനം പേരും പ്രതിരോധിക്കാനാകും എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രൈന്‍ സൈന്യത്തിന് ജനങ്ങള്‍ക്കിടയിലുള്ള ജനപിന്തുണയും വര്‍ധിച്ചിട്ടുണ്ട്.

ഹാസ്യനടനായിരുന്ന സെലന്‍സ്‌കി യുക്രൈന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ധീരനായ നേതാവ് എന്ന പരിവേഷം സെലന്‍സ്‌കിക്ക് ലഭിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സെലന്‍സ്‌കിയില്‍ തങ്ങള്‍ക്കുള്ള വിശ്വാസം അറിയിച്ചിട്ടുണ്ട്. യുക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നുള്ള 90 ശതമാനം പേരും രാജ്യത്തിന്റെ മധ്യഭാഗത്തുനിന്നുള്ള 80 ശതമാനം പേരും സെലന്‍സ്‌കിക്കൊപ്പം തന്നെയാണ്.

 

 

Top