‘ഹാത്രസിൽ പോപ്പുലർ ഫ്രണ്ട് വർഗീയ കലാപത്തിന് ശ്രമിച്ചു’; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 

ദില്ലി : പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളമായി ഇഡി. ഹാത്രസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാല് പേർ ഇതിനായി നിയോഗിക്കപ്പെട്ടു. 1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോർട്ട് . ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്നും ഇടപെടലുണ്ടായെന്നും ഇഡി ലക്നൗ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോ‍ർട്ടിൽ പറയുന്നു

ഇതിനിടെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചേക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷഫീക്ക് പായേത്തിന്‍റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യാനടക്കം കൂടുതല്‍ സമയം എന്‍ഐഎ ആവശ്യപ്പെടാനാണ് സാധ്യത.

Top