പൗരത്വ നിയമ പ്രതിഷേധം; പോപ്പുലര്‍ ഫ്രണ്ട് അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ഒഴുകി?

വിവാദമായ പൗരത്വ നിയമത്തിന് എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറിപ്പ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ജനുവരി വരെ പ്രതിഷേധങ്ങള്‍ നടക്കുന്ന വിവിധ ഇടങ്ങളില്‍ നടത്തിയ പേയ്‌മെന്റുകളുടെയും, പിന്‍വലിക്കലുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കുറിപ്പെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘2019 ഡിസംബര്‍ 4 മുതല്‍ 2020 ജനുവരി 6 വരെയുള്ള കാലയളവില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുടെ 15 അക്കൗണ്ടുകളിലേക്ക് 1.04 കോടി രൂപയാണ് നിക്ഷേപിച്ചത്. ജനുവരി ആറ് വരെ നടന്ന പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് പണം എത്തിക്കുന്നതിന് വേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ട് ഈ ധനസമാഹരണം നടത്തിയതെന്ന കാര്യത്തില്‍ സംശയമില്ല. പണം എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താന്‍ പരിശോധന തുടരുകയാണ്’, കുറിപ്പ് വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് പണം നല്‍കിയ ചില പ്രമുഖ വ്യക്തികളുടെ പേരുകളും ഈ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മുസാഫര്‍നഗര്‍, മീറത്ത്, ഷാംലി, ലക്‌നൗ എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുപതിലേറെ പേരാണ് പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്.

പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിതിരിച്ച് വിട്ടതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ളതായി നേരത്തെ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദും പറഞ്ഞിരുന്നു. നിരോധിത സംഘടനയായ സിമിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപി, കര്‍ണ്ണാടക, ആസാം സംസ്ഥാനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

കേരളത്തില്‍ നിന്നാണ് സംഘടനയുടെ ഉന്നത നേതാക്കള്‍ പ്രധാനമായും എത്തുന്നത്.

Top