ഐഎസ് ലഘുലേഖകളുമായി യുപിയിൽ പോപ്പുല‌ർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

ദില്ലി: ഉത്തര്‍പ്രദേശില്‍ ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസത്തെ പിഎഫ്ഐ നേതാക്കളുടെ അറസ്റ്റിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച, അബ്ദുള്‍ മജീദിനെയാണ് ലക‍്‍നൗവില്‍ വച്ച് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇതിനിടെ, ഹവാല വഴി പിഎഫ്ഐ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കോടികള്‍ അയച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വെളിപ്പെടുത്തി. വ്യാജ സംഭാവന രസീതുകള്‍ ഉണ്ടാക്കി അബുദാബിയിലെ ധർബാർ ഹോട്ടല്‍ ഹബ്ബ് ആക്കിയാണ് ഇന്ത്യയിലേക്ക് ഹവാല പണമൊഴുക്കിയത് എന്നാണ് കണ്ടെത്തല്‍. തങ്ങൾ അറസ്റ്റു ചെയ്ത അബ്ദുള്‍ റസാക്ക് ബിപിയാണ് ഹോട്ടലിലെ ഹവാല ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും ഇഡി ആരോപിച്ചു. ‘താമർ ഇന്ത്യ’ എന്ന ഇയാളുടെ മറ്റൊരു സ്ഥാപനവും ഹവാല ഇടപാടിനായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

അതേസമയം നേരത്തെ അറസ്റ്റിലായ പിഎഫ്ഐ നേതാക്കളെ ഇന്ന് ദില്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതല്‍ കസ്റ്റഡി വേണമെന്ന് എൻഐഎ കോടതിയില്‍ ആവശ്യപ്പെടും. ദില്ലിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ കേരളത്തിലെ എട്ട് പേരടക്കം പത്തൊൻപത് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. പിഎഫ്ഐ നേതാക്കളുടെ അറസ്റ്റിനെതിരെ ഇന്ന് ദില്ലിയില്‍ എസ്‍ഡിപിഐ പ്രതിഷേധം തീരുമാനിച്ചിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കി. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് എസ്‍ഡിപിഐ പ്രതിഷേധം ദില്ലി പൊലീസ് തടഞ്ഞത്. ജന്ദർമന്ദറിൽ ആയിരുന്നു പ്രതിഷേധം നടത്താൻ നിശ്ചയിച്ചിരുന്നത്.

Top