പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ട് : കെ സുരേന്ദ്രന്‍

പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎഫ്‌ഐക്ക് സഹായകരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരള പദയാത്രയ്ക്ക് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ പട്ടിണിയില്ലാത്തത് മോദി സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത് കൊണ്ടാണെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വി എന്‍ ഉണ്ണി, ജി രാമന്‍ നായര്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മേജര്‍ രവി, പി സി ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട അടൂരില്‍ നടന്ന കേരള പദയാത്ര സ്വീകരണ സമ്മേളനത്തില്‍ ഭരണപക്ഷത്തിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസ് ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമില്ല. മാസപ്പടി വിഷയത്തില്‍ ഇടത് വലത് നേതാക്കള്‍ക്ക് പങ്കുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top