പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ആലുവയിലെ ഓഫീസുകളില്‍ വ്യാപക ജപ്തി

ആലുവ: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആലുവ താലൂക്കിലെ ഓഫീസുകളില്‍ വ്യാപക ജപ്തി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പൊലീസ്-റവന്യൂ വിഭാഗങ്ങളാണ് ജപ്തി നടത്തിയത്. കണ്ടു കെട്ടിയ സ്വര്‍ണവും പണവുമടക്കമുള്ള സ്ഥാവരജംഗമ വസ്തുക്കള്‍ കളക്ടര്‍ക്കു കൈമാറി.

ആലുവ, നെടുമ്പാശേരി, അങ്കമാലി, കറുകുറ്റി, മഞ്ഞപ്ര ഓഫീസുകളിലായിരുന്നു പരിശോധന. ഈ ശാഖകളില്‍ നിന്നായി ഇരുന്നൂറിലധികം ആളുകളില്‍ നിന്നും കോടികള്‍ തട്ടിയതായിട്ടാണ് പരാതി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം എട്ടോളം പേര്‍ കോടികള്‍ നിക്ഷേപിച്ചതായി പറയുന്നു. വിവിധ സ്റ്റേഷനുകളിലായിട്ട് നിരവധി പേര്‍ കേസുമായിയെത്തിയിരുന്നു.

ആലുവ തഹസീല്‍ദാര്‍ പി.എന്‍. അനി, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി.എ. റാഷിമോന്‍, എസ്ഐ പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികള്‍.

പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകള്‍ 2,000 കോടി രൂപ തട്ടിയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

Top