പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിയയില്‍ നിന്ന് ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തുനിന്നാണ് റിയയെ പിടികൂടിയത്. നേരത്തെ റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകര്‍ അറിയിച്ചു.

എന്നാല്‍, കോന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പിച്ച് നിലമ്പൂരിലെ വീട്ടില്‍ കഴിയുകയായിരുന്നു ഇവര്‍. അഭിഭാഷകരെ വിളിച്ചു വരുത്തി അറസ്റ്റ് തടയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.

Top