പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണം ഇഴയുന്നു: വിമർശനവുമായി കോടതി

കൊച്ചി: പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സിബിഐയുടെ അന്വേഷണം ഇഴയുകയാണെന്ന് വിമർശനവുമായി ഹൈക്കോടതി.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് സാക്ഷികളെ മാത്രമാണ് അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്. രണ്ടാം പ്രതി പ്രഭ തോമസ്, നാലാം പ്രതി റീബ മേരി തോമസ്, അഞ്ചാം പ്രതി ഡോ. റിയ ആൻ തോമസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സിബിഐ ഹർജി നൽകിയിരുന്നു. ഈ ആവശ്യം ജസ്റ്റിസ് പി സോമരാജൻ അംഗീകരിച്ചില്ല.

നവംബർ 23 നാണ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടത്. മുപ്പതിനായിരത്തിലേറെ പേരു‌ടെ നിക്ഷേപമാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ നഷ്ടമായത്. 1,600 കോടി രൂപയാണ് തട്ടിപ്പിലൂടെ നിക്ഷേപകർക്ക് നഷ്ടമായത്.

ആറ് മാസത്തോളം തടവിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.  അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചകളിലും ഹാജരാകണമെന്നും കൂടാതെ  ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുളള കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

 

Top