സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഹിറ്റിലറെ പോലെയെന്ന് മാര്‍പ്പാപ്പ

pope

വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികള്‍, ജിപ്‌സികള്‍, ജൂതര്‍ എന്നിവര്‍ക്കെതിരെയുള്ള രാഷ്ട്രീയ നേതാക്കന്മാരെ ഹിറ്റ്‌ലറിനോട് ഉപമിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വെള്ളിയാഴ്ച ക്രിമിനല്‍ നിയമം സംബന്ധിച്ച അന്തര്‍ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. വിദ്വേഷം നിറഞ്ഞ അത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ 1934, 1936 ലെ ഹിറ്റ്‌ലറുടെ പ്രസംഗങ്ങളാണ് ഓര്‍മ്മ വരുന്നതെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

ജൂതര്‍, ജിപ്‌സികള്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരെ വേട്ടയാടുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിക്കപ്പെടുന്നത് സംസ്‌കാരങ്ങളിലെ മൂല്യച്യുതിയും വിദ്വേഷത്തിന്റെ പ്രഭാവവുമാണ്. ഇത് ഒരിക്കല്‍ സംഭവിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും സംഭവിക്കുകയാണെന്നും മാര്‍പ്പാപ്പ പറയുന്നു. 1933 മുതല്‍ 1945 വരെയുള്ള നാസി ഭരണത്തിന് കീഴില്‍ ജൂത വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ജിപ്‌സി, സ്വവര്‍ഗാനുരാഗി വിഭാഗങ്ങളില്‍പ്പെട്ടവരെ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. എന്നാല്‍ തന്റെ വിമര്‍ശനം ഏത് രാജ്യത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പേരെടുത്ത് വ്യക്തമാക്കിയില്ല.

Top