ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഫ്രാന്‍സിസ് മാര്‍പാപ്പ പോര്‍ച്ചുഗലിൽ

ലിസ്ബണ്‍ : കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെത്തി. നാല് വർഷത്തിന് ശേഷം നടക്കുന്ന യുവജന സംഗമത്തിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. 15 ലക്ഷത്തിലധികം പേർ സംഗമത്തിൽ പങ്കെടുക്കും.

കഴിഞ്ഞ ദിവസം രാവിലെ ഫിഗോ മധുര സൈനിക വ്യോമതാവളത്തിലെത്തിയ മാര്‍പാപ്പ പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസയുടെ കൊട്ടാരത്തിലേയ്ക്ക് പോയി. ജൂണില്‍ നടന്ന ശസ്ത്രക്രിയ്ക്ക് ശേഷമുള്ള മാർപാപ്പയുടെ പ്രഥമ വിദേശയാത്രയാണ് ഇപ്പോഴത്തെ പോർച്ചുഗൽ സന്ദർശനം. ലിസ്ബണിലെ ബെലെം കള്‍ച്ചറല്‍ സെന്ററില്‍ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്യവെ ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.

അതേസമയം, മാർപാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി കത്തോലിക്കാ വൈദികരുടെ പീഡനാരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ലിസ്ബണില്‍ പരസ്യബോർഡ് പ്രത്യക്ഷപ്പെട്ടു. പോര്‍ച്ചുഗലിലെ കത്തോലിക്കാ സഭയിലെ വൈദികർ 4,800 ലധികം കുട്ടികള്‍ ദുരുപയോഗം ചെയ്തുവെന്നാണ് പരസ്യബോർഡിൽ വിമർശിക്കുന്നത്. പോര്‍ച്ചുഗീസ് കമ്മീഷന്‍ ആറ് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 1950 മുതലുള്ള കണക്ക് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

Top