ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റെന്ന വാദം, പോപ്പിന് വിശ്വാസമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

വിശ്വാസികളെ ഞെട്ടിച്ച് പോപ്പ് ഫ്രാന്‍സിസ് വീണ്ടും. യേശുക്രിസ്തു മരിച്ച് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു, ക്രിസ്ത്യന്‍ തിയോളജി പ്രകാരം പ്രധാന കാര്യമാണ് യേശുവിന്റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളായി രൂപപ്പെട്ട ഈ വിശ്വാസം ഈസ്റ്റര്‍ പോലുള്ള ആഘോഷങ്ങളിലൂടെ ആചരിക്കപ്പെടുന്നു. എന്നാല്‍ പോപ്പ് ഫ്രാന്‍സിസിന് യേശു ക്രിസ്തു ശരീരമായി ഉയര്‍ത്തെഴുന്നേറ്റെന്ന വാദത്തില്‍ വിശ്വാസമില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു ഇറ്റാലിയന്‍ ജേണലിസ്റ്റ്.

യേശു ക്രിസ്തു ശരീരമായല്ല, ആത്മാവായാണ് തിരിച്ചെത്തിയതെന്നാണ് പോപ്പ് ഫ്രാന്‍സിസ് കരുതുന്നതെന്ന് വത്തിക്കാന്‍ ഇന്റര്‍വ്യൂവര്‍ യൂജിനിയോ സ്‌കാള്‍ഫാരി പറയുന്നു. പോപ്പ് ഫ്രാന്‍സിസിന്റെ ദീര്‍ഘകാല സുഹൃത്ത് കൂടിയാണ് ഈ 95 കാരന്‍. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നായ കുരിശുമരണത്തിന് ശേഷമുള്ള ജീവനുള്ള ശരീരമായി തിരിച്ചെത്തിയെന്ന നിലപാടിനോട് പോപ്പിന് വിശ്വാസമില്ലെന്നാണ് സ്‌കാള്‍ഫാരി അവകാശപ്പെടുന്നത്.

ഈ വിഷയത്തില്‍ വത്തിക്കാനും വിശ്വാസികളും തമ്മില്‍ ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ട്. മൃതശരീരം വീണ്ടെടുത്ത് സ്ത്രീകള്‍ കല്ലറയില്‍ കിടത്തുന്നതുവരെ യേശു മനുഷ്യനായിരുന്നു. ആ രാത്രി കല്ലറയില്‍ നിന്ന് മനുഷ്യന്‍ അപ്രത്യക്ഷനാവുകയും ഗുഹയില്‍ നിന്ന് ആത്മാവ് പുറത്തുവരികയും ചെയ്തു. ഈ ആത്മാവാണ് സ്ത്രീകളേയും അപ്പോസ്തലന്മാരേയും കണ്ടത്. മനുഷ്യരൂപത്തിലുള്ള നിഴലായിരുന്നു അത്, പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു, പോപ്പ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്‌കാള്‍ഫാരിയുടെ അവകാശ വാദം ഈ ആഴ്ച പുറത്തിറങ്ങിയ ഇറ്റലിയിലെ ലാ റിപ്പബ്ലിക്കയുടെ മുന്‍ പേജിലിടം പിടിച്ചു. കൂടാതെ അദ്ദേഹമെഴുതുന്ന പുതിയ പുസ്തകത്തിന്റെ അവതാരികയിലും ഇതുണ്ട് .

Top