സ്വവര്‍ഗ്ഗപ്രേമികള്‍ക്കെതിരെ രോഷം കൊള്ളുന്ന രാഷ്ട്രീയക്കാരെ ഹിറ്റ്‌ലറോട് ഉപമിച്ച് പോപ്പ്

സ്വവര്‍ഗ്ഗപ്രേമികള്‍, ജിപ്‌സികള്‍, ജൂതന്‍മാര്‍ എന്നിവര്‍ക്കെതിരെ രോഷം കൊള്ളുന്ന രാഷ്ട്രീയക്കാരെ കാണുമ്പോള്‍ തനിക്ക് ഹിറ്റ്‌ലറെയാണ് ഓര്‍മ്മവരുന്നതെന്ന് പോപ്പ് ഫ്രാന്‍സിസ്. ‘നാസിസം പോലുള്ള ചിഹ്നങ്ങള്‍ തിരിച്ചെത്തുന്നതായുള്ള തോന്നല്‍ അവിചാരിതമല്ല. നീതി നിര്‍വ്വഹിക്കേണ്ട, ഭരണത്തിലുള്ള ഒരാള്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ 1934, 36 കാലത്തെ ഹിറ്റ്‌ലറുടെ പ്രഭാഷണങ്ങളാണ് ഓര്‍മ്മ വരുന്നത്’, ക്രിമിനല്‍ നിയമത്തെക്കുറിച്ച് നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പോപ്പ് വ്യക്തമാക്കി.

ജൂതന്‍മാര്‍, ജിപസികള്‍, സ്വവര്‍ഗ്ഗപ്രേമികള്‍ എന്നിവരെ ഉന്മൂലനം ചെയ്യുമ്പോള്‍ അത് സാംസ്‌കാരിക പാഴാക്കലും, വിദ്വേഷവുമാണ് പ്രതിനിധീകരിക്കുന്നത്. അന്നത്തെ കാലത്ത് അതാണ് സംഭവിച്ചത്, ഇന്ന് അത് വീണ്ടും സംഭവിക്കുന്നു, പോപ്പ് ചൂണ്ടിക്കാണിച്ചു. 1933-45 കാലഘട്ടത്തിലെ ജര്‍മ്മന്‍ നാസി ഭരണകൂടത്തിന് കീഴില്‍ ആറ് മില്ല്യണ്‍ ജൂതന്‍മാരാണ് കൊല്ലപ്പെട്ടത്. സ്വവര്‍ഗ്ഗപ്രേമികളെയും, ജിപ്‌സികളെയും കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് അയച്ചിരുന്നു.

തന്റെ വിമര്‍ശനത്തില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരെയോ, രാജ്യത്തെയോ പോപ്പ് പേരെടുത്ത് പറഞ്ഞില്ല. ബ്രസീല്‍ പ്രസിഡന്റായി ജനുവരി ഒന്നിന് അധികാരമേറ്റ ജെയിര്‍ ബൊല്‍സൊനാരോ സ്വവര്‍ഗ്ഗ വിരുദ്ധ, വംശീയ, ലൈംഗിക പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ നടത്താറുണ്ട്. തനിക്കൊരു സ്വവര്‍ഗ്ഗപ്രേമിയായ മകനെ ലഭിക്കുന്നതിലും ഭേദം മകന്‍ മരിക്കുന്നതാണെന്നാണ് ജെയിര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ബ്രൂണെ സുല്‍ത്താന്‍ ഹസനാല്‍ ബോല്‍കിയാ സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ അനുമതി നല്‍കി ആഗോളതലത്തില്‍ തന്നെ രോഷം ഏറ്റുവാങ്ങിയിരുന്നു. യൂറോപ്പിലെ ജൂതവിരുദ്ധ ശീലങ്ങളെയും പോപ്പ് ഫ്രാന്‍സിസ് വിമര്‍ശിച്ചു.

Top