ഒളിമ്പിക്‌സ്‌; ബോക്സിങ്ങില്‍ പൂജാ റാണി ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം അള്‍ജീരിയയുടെ ഐചര്‍ക് ചായിബായെ തോല്‍പ്പിച്ചു. പൂജയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ 5-0ത്തിനായിരുന്നു വിജയം.

ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ പൂജയ്ക്ക് മെഡലുറപ്പിക്കാം. ഈ വര്‍ഷം ദുബായില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ ഹരിയാണക്കാരി സ്വര്‍ണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്‌സാണിത്.

2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം അതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ താരം ലോവ്‌ലിന ബോര്‍ഗോഹൈനും ക്വാര്‍ട്ടറിലെത്തിയിരുന്നു. വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്‌സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ലോവ്‌ലിന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Top