പുതിയ പ്രമോ വീഡിയോകള്‍ പുറത്തിറക്കി ‘പൊന്നിയിന്‍ സെല്‍വന്‍’ ടീം

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വ’ന്റെ പുതിയ പ്രമോ വീഡിയോകള്‍ക്ക് വന്‍സ്വീകരണം. സെപ്തംബര്‍ 30-ന് ചിത്രം റിലീസ് ചെയ്യാനിരിക്കേ തുടര്‍ച്ചയായി ഒട്ടേറെ വീഡിയോകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നത്. കല്‍ക്കിയുടെ ചരിത്രനോവലിനെ ആധാരമാക്കി ചേര-ചോള രാജാക്കന്മാരുടെ കഥ പറയുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 നു ചിത്രം തിയേറ്ററുകളില്‍ എത്തും. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

https://youtu.be/TdlMHhZ4riY

Top