ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ്നാട്ടില് നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയില്‍ ചിത്രം 125 കോടിയാണ് നേടിയത്. തമിഴ് സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം ആ പ്രതീക്ഷകള്‍ നിറവേറ്റിയതോടെ റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് കളക്ഷനിലും പ്രതിഫലിച്ചതോടെ ചരിത്ര വിജയമായി മാറി ചിത്രം.
വിജയിച്ച ചിത്രങ്ങളുടെ സീക്വലുകള്‍ അതിലും വലിയ വിജയങ്ങളായി മാറുന്നതാണ് ഇന്ത്യന്‍ സിനിമയുടെ സമീപകാല ചരിത്രം. ബാഹുബലിയും കെജിഎഫുമൊക്കെ അതിന് ഉദാഹരണം. പൊന്നിയിന്‍ സെല്‍വന്‍ 2 നെക്കുറിച്ചും അണിയറക്കാര്‍ക്കുള്ള പ്രതീക്ഷ അതാണ്. ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന രണ്ടാംഭാഗം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുമ്പോള്‍ തെലുങ്കില്‍ അത്ര ശുഭകരമായ വാര്‍ത്തയല്ല വരുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 തെലുങ്കില്‍ വിതരണത്തിന് എടുക്കാന്‍ ഒരു വിതരണക്കാരും തയ്യാറാകുന്നില്ല എന്നതാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊന്നിയിന്‍ സെല്‍വന്‍ 1 തീയറ്ററില്‍ വളരെ മോശം പ്രകടനമാണ് ആന്ധ്രയിലും, തെലങ്കാനയിലും നടത്തിയത്. ഇത് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തോട് കാര്യമായ താല്‍പ്പര്യം കാണിക്കാന്‍ വിതരണക്കാര്‍ മടിക്കുന്നത് എന്നാണ് വിവരം.
അതേ സമയം തെലുങ്കില്‍ പൊന്നിയിന്‍ സെല്‍വന്‍ 1 ടിവി പ്രിമീയര്‍ നടത്തിയപ്പോഴും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 26 ഞായറാഴ്ചയാണ് തെലുങ്ക് ചാനലായ ജെമിനി ടിവിയിൽ പൊന്നിയിന്‍ സെല്‍വന്‍ 1 സംപ്രേക്ഷണം ചെയ്തത്. ടെലിവിഷൻ പ്രീമിയറിന് 2.17 ടിആർപി റേറ്റിംഗ് മാത്രമാണ് ഈ പ്രീമിയറിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനും, മദ്രാസ് ടാക്കീസും വിതരണക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്നാണ് വിവരം.
അതേസമയം, പൊന്നിയിൻ സെൽവൻ 2-ലെ ആദ്യ സിംഗിൾ ഉടൻ പുറത്ത് വിടുമെന്ന് അപ്ഡേറ്റ് വന്നിട്ടുണ്ട്. വ്യാഴാഴ്‌ച വൈകുന്നേരമാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ ചിത്രത്തിന്‍റെ ആദ്യ സിംഗിളിന്റെ ബിടിഎസ് പങ്കിട്ടത്. നടി തൃഷയാണ് ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുക എന്നാണ് സൂചന.