‘പൊന്നിയിൻ സെല്‍വൻ 2’ ഐമാക്സിലും എത്തും

പൊന്നിയിൻ സെല്‍വൻ’ എന്ന ഇതിഹാസ ചിത്രം രാജ്യത്ത് വൻ ആരവമായിരുന്നു സൃഷ്‍ടിച്ചത്. ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വൻ 2’ ഐമാക്സ് തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

തമിഴിനു പുറമേ ഹിന്ദിയിലും മണിരത്നത്തിന്റെ ചിത്രം ഐമാക്സില്‍ കാണാനാകും. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. ചിത്രം തമിഴകത്ത് വൻ ഹിറ്റായി.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് . രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

Top