മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍; ആദ്യ ഭാഗം 2022ല്‍ പുറത്തിറങ്ങും

ണിരത്‌നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ല്‍ പുറത്തിറങ്ങും. അതേസമയം കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയില്‍ പുനരാരംഭിച്ചു. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന നടന്‍ കാര്‍ത്തി അടുത്തയാഴ്ച ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്.

വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ലാല്‍, ജയറാം, റഹ്‌മാന്‍, റിയാസ് ഖാന്‍, കിഷോര്‍, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം ‘സര്‍വം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍. നിര്‍മാണം മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു.

2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം നീണ്ടുപോയി. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്‌മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍. അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്‌നത്തിന്റെ ലക്ഷ്യം.

2015 ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

2005 ല്‍ പൊന്നിയില്‍ സെല്‍വന്‍ എന്ന പേരില്‍ രാധാമോഹന്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നു. രേവതി, പ്രകാശ് രാജ്, ഗോപിക തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിന് പക്ഷേ ചരിത്ര നോവല്‍ പൊന്നിയിന്‍ സെല്‍വനുമായി ബന്ധമുണ്ടായിരുന്നില്ല.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍; ആദ്യ ഭാഗം 2022ല്‍

 

Top