അന്‍വറിന്റെ തോല്‍വിയോടെ മലപ്പുറം ചുവപ്പിച്ച സി.പി.എം മുന്നേറ്റത്തിന് തിരിച്ചടി. . .

മലപ്പുറം: പൊന്നാനിയിലെ പി.വി അന്‍വറിന്റെ കനത്ത പരാജയത്തോടെ മലപ്പുറം ചുവപ്പിച്ച സി.പി.എം മുന്നേറ്റത്തിന് അവസാനമായി. ലീഗ് കോട്ടയായ മലപ്പുറം ജില്ലയിലെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ടി.കെ ഹംസയെ വിജയിപ്പിച്ച് രണ്ടു പതിറ്റാണ്ടു കൊണ്ട് സി.പി.എം നേടിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് പൊന്നാനിയില്‍ അന്‍വറിന്റെ പരാജയത്തോടെ തിരിച്ചടിയായിരിക്കുന്നത്.

നിയമസഭയില്‍ ഇടതുപക്ഷം വിജയിച്ച നിലമ്പൂര്‍, താനൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളുള്ള മലപ്പുറത്തെ 16 നിയോജകമണ്ഡലങ്ങളിലും വ്യക്തമായി ആധിപത്യത്തോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സമ്പൂര്‍ണ്ണ വിജയം നേടിയത്.

Indian-National-Congress-Flag-1.jpg.image.784.410

നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ അട്ടിമറി വിജയം നേടിയ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് 61432 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷമാണ് നേടിയത്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് 35 വര്‍ഷം കുത്തകയാക്കിവെച്ച നിലമ്പൂരില്‍ ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ 11504 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.വി അന്‍വര്‍ അട്ടിമറി വിജയം നേടിയത്. ഈ ഭൂരിപക്ഷവും മറികടന്ന് അരലക്ഷം വോട്ടുകള്‍ കൂടുതല്‍ നേടിയിരിക്കുകയാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ്.

ഇടതു സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാന്‍ 4918 വോട്ടിനു വിജയിച്ച താനൂരില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ 32166 വോട്ടിന്റെ തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടി. മന്ത്രി കെ.ടി ജലീല്‍ 17064 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയം നേടിയ തവനൂരില്‍ ഇ.ടിക്ക് 12354 വോട്ടിന്റെ മേല്‍ക്കൈയാണ് ലഭിച്ചത്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കോണ്‍ഗ്രസിലെ പി.ടി അജയ്‌മോഹനെ 4101 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ പൊന്നാനിയില്‍ യു.ഡി.എഫ് 9739 വോട്ടിന്റെ ഭൂരിപക്ഷം നേടി.

മലപ്പുറം, പൊന്നാനി, ലോക്‌സഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ മികച്ച ഭൂരിപക്ഷമായ 2,60,153 വോട്ടുകള്‍ക്കാണ് മലപ്പുറത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്.

പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറാകട്ടെ നിലമ്പൂരില്‍ നിന്നും അട്ടിമറി വിജയം നേടാനെത്തിയ പി.വി അന്‍വറിനെ 1,93,230 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പൊന്നാനി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണിത്. ഇബ്രാഹിം സുലൈമാന്‍സേട്ടിനും ജി.എം ബനാത്ത്‌വാലക്ക്‌പോലും നല്‍കാത്ത ഭൂരിപക്ഷമാണ് ഇ.ടിക്ക് പൊന്നാനി നല്‍കിയത്.

കഴിഞ്ഞ തവണ കേവലം 25410 വോട്ടുകള്‍ക്കാണ് നിലവിലെ താനൂര്‍ എം.എല്‍.എയായ വി. അബ്ദുറഹിമാനോട് ഇ.ടി വിജയിച്ചത്. നിലമ്പൂരിലെ അട്ടിമറി വിജയം കണക്കിലെടുത്ത് പൊന്നാനി പിടിക്കാണ് പാര്‍ട്ടിയിലെ എതിര്‍പ്പും വിവാദങ്ങളും മറികടന്ന് പി.വി അന്‍വറിനെ പൊന്നാനിയില്‍ മത്സരിപ്പിച്ചത്. ഈ പരീക്ഷണമാണ് പരാജയപ്പെട്ടത്.

മുസ്ലീംലീഗിന്റെയും യു.ഡി.എഫിന്റെയും കോട്ടയായ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും 2004ല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ടി.കെ ഹംസ വിജയിച്ചതോടെയാണ് മലപ്പുറം ചുവക്കുന്നു എന്ന മുദ്രാവാക്യവുമായി സി.പി.എം മലപ്പുറത്ത് മുന്നേറ്റം നടത്തിയത്. ലീഗ് കോട്ടയായ മങ്കടയില്‍ ഇടതു സ്വതന്ത്രനായ മഞ്ഞളാംകുഴി അലി, നിലവിലെ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ മജീദിനെ പരാജയപ്പെടുത്തി. മുന്‍ മന്ത്രി നാലകത്ത് സൂപ്പിയെ പരാജയപ്പെടുത്തി പെരിന്തല്‍മണ്ണയില്‍ സി.പി.എമ്മിലെ വി. ശശികുമാര്‍ വിജയിച്ചു. കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞ് ലീഗ് വിട്ട കെ.ടി ജലീല്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ചു.

മങ്കട മണ്ഡലം പിടിക്കാന്‍ എം.കെ മുനീറിനെ ഇറക്കിയിട്ടും അലിക്കു മുന്നില്‍ മുനീര്‍ പരാജിതനായി. തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീറും പരാജയം രുചിച്ചു. അലി പിന്നീട് സി.പി.എം വിട്ട് ലീഗില്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നും വിജയിച്ച് ലീഗിന്റെ അഞ്ചാം മന്ത്രിയുമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ നിലമ്പൂരും ലീഗ് കോട്ടയായ താനൂരും വിജയിച്ച് സി.പി.എം മലപ്പുറത്ത് മുന്നേറ്റം നടത്തി. ഈ രാഷ്ട്രീയ മുന്നേറ്റമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ തകര്‍ന്നടിഞ്ഞത്. പരമ്പരാഗത ഇടതുവോട്ടുകള്‍ പോലും ഇത്തവണ മുസ്ലീംലീഗ് പിടിച്ചതാണ് മലപ്പുറത്ത് ഇടതുപക്ഷത്തിന്റെ പരാജയം കനത്തതാക്കുന്നത്. നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്കും തടയണയുംകെട്ടി സാമ്പത്തിക വഞ്ചനാകേസില്‍ പ്രതിയുമായ പി.വി അന്‍വറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നേതൃത്വത്തോടുള്ള പ്രതിഷേധവും ഇടതുവോട്ടുകള്‍ ലീഗിന്റെ പെട്ടിയിലെത്തിച്ചു. ഇതാണ് മലപ്പുറത്തെ സി.പി.എം പ്രതീക്ഷകളെ തകര്‍ക്കുന്ന പരാജയത്തിന് വഴിയൊരുക്കിയത്.

Top