‘പൊന്‍മഗള്‍ വന്താല്‍’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു; റിലീസ് മെയ് 29ന്

ജ്യോതിക നായികയായ ‘പൊന്‍മഗള്‍ വന്താല്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.സിനിമയുടെ നിര്‍മാതാവു കൂടിയായ നടന്‍ സൂര്യയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.ശക്തമായ ഒരു വക്കീല്‍ കഥാപാത്രമായിരിക്കും ‘പൊന്‍മഗള്‍ വന്താലി’ല്‍ ജ്യോതിക അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

കൊറോണ വ്യാപനവും ലോക്ഡൗണും മുന്‍നിര്‍ത്തി ചിത്രം നേരിട്ട് ഒ.ടി.ടി. വഴിയാകും പ്രദര്‍ശനത്തിനെത്തുക.മേയ് 29-നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 27-ന് തിയ്യറ്റര്‍ റിലീസ് തീരുമാനിച്ച പൊന്‍മഗള്‍ വന്താലിന്റെ പ്രദര്‍ശനാവകാശം ആമസോണ്‍ പ്രൈം വീഡിയോ വാങ്ങുകയായിരുന്നു.

മേയ് 21-ന് ട്രെയിലര്‍ പുറത്തുവിടുമെന്നും പോസ്റ്ററിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ സൂര്യ പറയുന്നു. ‘നീതി കിട്ടാനുള്ള കാലതാമസവും അനീതി തന്നെ’ എന്നാണ് അടിക്കുറിപ്പില്‍ സൂര്യ ചേര്‍ത്തിരിക്കുന്നത്.

തമിഴില്‍ നിന്നും ഒ.ടി.ടി. വഴി പ്രദര്‍ശനത്തിനെത്തുന്ന ആദ്യ സിനിമയായിരിക്കും ‘പൊന്‍മഗള്‍ വന്താല്‍’. ജെ.ജെ. ഫ്രഡറിക്കാണ് ചിത്രംസംവിധാനം ചെയ്തിരിക്കുന്നത്.

ജ്യോതികയെ കൂടാതെ മുതിര്‍ന്ന താരങ്ങളായ കെ. ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, പാര്‍ഥിപന്‍, പാണ്ഡിരരാജന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top