ഇതൊന്നും ഇവിടെ പറ്റില്ല; സിഎഎയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് !

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. തുടക്കത്തില്‍ തന്നെ രാജ്യത്തെ വിവിധ ക്യാമ്പസുകളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വന്‍ അക്രമമാണ് ക്രമസമാധാന പാലകരായ പൊലീസ് അഴിച്ച് വിട്ടത്.

ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു സര്‍വ്വകലാശാല. പോണ്ടിച്ചേരി സര്‍വ്വകലാശാലയാണ് വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇത്തരത്തിലൊരു മാര്‍ഗ്ഗവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സിഎഎ വിരുദ്ധ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്തണമെന്ന ഈ വിചിത്രമായ നടപടി പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല ഡപ്യൂട്ടി ഡീനിന്റേതാണ്. ഇത് സംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് ഡെപ്യൂട്ടി ഡീന്‍ നോട്ടീസ് നല്‍കി.

സമരത്തില്‍ പങ്കെടുത്തതിന് ഗവേഷണ വിദ്യാര്‍ഥികളെ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി ഇപ്പോള്‍ കൗണ്‍സിലിങ് നടത്തുന്നത്.

അതേസമയം ഈ നോട്ടീസിനെതിരെ കടുത്ത പ്രതിഷേധമാണ് സര്‍വകലാശാലയില്‍ ഉയര്‍ന്നിരിക്കുന്നത്. നോട്ടീസിനെതിരെ ശക്തമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡീന്‍ നല്‍കിയ നോട്ടീസ് വിദ്യാര്‍ത്ഥികള്‍ കത്തിച്ചു.

Top