ഇന്‍സ്റ്റന്റ് വായ്പ ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി പോണ്ടിച്ചേരി സര്‍ക്കാര്‍

ന്‍സ്റ്റന്റ് വായ്പാ ആപ്പുകള്‍ക്കെതിരെ കേസെടുത്ത് പോണ്ടിച്ചേരി സൈബര്‍സെല്‍. ഉയര്‍ന്ന പലിശനിരക്ക് ഈടാക്കല്‍, ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടല്‍, ഡാറ്റാ ദുരുപയോഗം ചെയ്യല്‍ തുടങ്ങി ഇരുപതോളം പരാതികളാണ് ആറ് മാസത്തിനിടെ ആപ്പുകൾക്കെതിരെ ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തില്‍ ഐടി നിയമം 66(E), 67, 67(A), ഇന്ത്യന്‍ ശിക്ഷാനിയമം 420 എന്നീ വകുപ്പുകളിലാണ് ആപ്പുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം ലോണ്‍ റിക്കവറി ഏജന്റുമാരില്‍ നിന്ന് ഭീഷണിയുള്ളതായും പരാതികള്‍ ലഭിച്ചിട്ടുണ്ട്. 63 ആപ്പുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി സൈബര്‍സെല്‍ എസ്പി ശുഭം ഘോഷ് പറഞ്ഞു. ഇവയെല്ലാം റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ആപ്പുകളാണ്.

നടപടിക്രമങ്ങളൊന്നുമില്ലാതെ ഉടനടി വായ്പ നല്‍കിയാണ് ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആപ്പ് വഴി 4,000 രൂപ ലോണെടുത്ത ബാറ്ററി കടയുടമ 40,000 രൂപയാണ് തിരികെ അടയ്‌ക്കേണ്ടി വന്നത്. 10,000 രൂപ ലോണെടുത്ത വ്യക്തി 80,000 രൂപ വരെ തിരികെയടച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വിസമ്മതിച്ചാല്‍ അശ്ലീല സന്ദേശങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപഭോക്താവിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അയക്കുകയുയാണ് ഇവരുടെ പതിവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ മനോജ് പറയുന്നത്.

Top