നിരാഹാര സമരം ചെയ്ത പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി

മൂന്നാര്‍: മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം നടത്തിവന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.

സമരനേതാക്കളായ ഗോമതിയെയും കൗസല്യയെയുമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പൊലീസ് വാഹനത്തില്‍ നിന്നു പുറത്തുചാടാന്‍ ശ്രമം നടത്തി.

ഇവരുടെ ആരോഗ്യനില വഷളായതിനാലാണ് പൊലീസ് അറസ്റ്റുചെയ്തു നീക്കിയത്. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സമരക്കാരോട് ആശുപത്രിയിലേക്ക് മാറണമെന്ന് പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഷാനിമോള്‍ ഉസ്മാനും സി.ആര്‍. നീലകണ്ഠനും ഉള്‍പ്പെടെയുള്ളവരും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരപ്പന്തല്‍ വിടാന്‍ പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ സന്നദ്ധരായില്ല.

തുടര്‍ന്ന് നിരാഹാരം നടത്തുന്നവര്‍ക്ക് സമരപ്പന്തലില്‍ തന്നെ വൈദ്യസഹായം നല്‍കാന്‍ ധാരണയായെങ്കിലും പൊലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഡ്രിപ്പ് ഇടാന്‍ അനുവദിക്കില്ലെന്നും ആശുപത്രിയിലും സമരം തുടരുമെന്നും സമരനേതാവ് ഗോമതി പറഞ്ഞു.

മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് നേരത്തേ മാറ്റിയിരുന്നു.

Top