കേരളതീരത്ത് മീനുകളുടെ തൂക്കം കുറയുന്നതായി പഠനം

കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠനം. ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റും മൂലമാണ് മീനുകളുടെ തൂക്കം കുറയുന്നത് എന്നാണ് വിലയിരുത്തല്‍. എല്ലായിനം മീനുകളുടേയും തൂക്കം കുറയുന്നുണ്ട്. പത്തു വര്‍ഷത്തിനിടെ മീനിന്റെ തൂക്കത്തില്‍ 75,000 ടണ്ണിന്റെ കുറവാണ് കണ്ടെത്തിയത്.

തൂക്കം കുറയാന്‍ പ്രധാന കാരണം മത്സ്യത്തിന്റെ വലിപ്പം കുറയുന്നതാണ്. എല്ലാ ഇനത്തില്‍ പെടുന്ന മീനുകളുടേയും വലിപ്പം കുറയുന്നുണ്ട്. ചൂടിന്റെ ഏറ്റക്കുറച്ചില്‍, സമുദ്രമേഖലയിലെ ജൈവ-ഭൗതിക പ്രവര്‍ത്തനങ്ങള്‍, മലിനീകരണം എന്നിവയെല്ലാം ഇതിന് കാരണമാണ്.

താപനിലയിലെ വര്‍ധനമൂലം സമുദ്രനിരപ്പ് ഉയരുന്നു. തിര, വേലിയേറ്റം, വേലിയിറക്കം, കാറ്റ്, ഭൂമിയുടെ ചരിവ് എന്നിവയിലുണ്ടാകുന്ന മാറ്റവും മത്സ്യങ്ങളുടെ സ്വാഭാവികവളര്‍ച്ചയേയും വ്യാപനത്തെയും തടസപ്പെടുത്തുന്നുണ്ട്. ഇതുമൂലം, മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്കെത്തുന്ന മത്സ്യങ്ങളുടെ വരവിലും പോക്കിലും കുറവുണ്ടായതായും കണ്ടെത്തി.

സംസ്ഥാനത്ത് പിടിക്കുന്ന മീനിന്റെ 72 ശതമാനവും 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്തു നിന്നാണ്. കായല്‍, പുഴ മത്സ്യങ്ങള്‍, വളര്‍ത്തുമീനുകള്‍ എന്നിവ എല്ലാംകൂടി 28 ശതമാനമേയുള്ളൂ. കടല്‍മീനിന്റെ ദേശീയ ശരാശരിയാകട്ടെ, 40 ശതമാനമാണ്. 2007ല്‍ ഇതുപോലൊരു പഠനം നടത്തിയിരുന്നു. പ്രതിവര്‍ഷം 5.98 ലക്ഷം ടണ്‍ മീന്‍ കടലില്‍നിന്ന് ലഭിക്കുന്നെന്നാണ് അന്ന് കണ്ടെത്തിയത്. എന്നാല്‍, 2018ല്‍ നടത്തിയ പഠനത്തില്‍ ഇത് 5.23 ലക്ഷം ടണ്ണായി കുറഞ്ഞു.

തെറ്റായ മത്സ്യബന്ധനരീതികളും മത്സ്യവളര്‍ച്ച തടയുന്നുണ്ട്. അതുകൊണ്ട് തീരക്കടലില്‍ മീന്‍പിടിക്കുന്നതിന് ഡൈനമിറ്റ്, ലൈറ്റ്, വിഷം, ബുള്‍ ട്രോളിങ് എന്നിവ ഉപയോഗിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ മത്സ്യബന്ധനവകുപ്പിന്റെ നിര്‍ദേശമുണ്ട്.

Top