ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

election

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെ സഹായം ആവശ്യമാണെന്നും അതുകൊണ്ട് ഈ സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ജീവനക്കാര്‍ക്ക് അത് ബുദ്ധിമുട്ടാകുമെന്നും കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി വ്യക്തമാക്കി.

ആകെ 26443 സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് വേണം. കമ്മീഷനാണെങ്കില്‍ ജീവനക്കാരെ നല്‍കാനുമാകില്ല. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെടേണ്ടി വരും. അതിനാലാണ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന് അചല്‍ കുമാര്‍ ജ്യോതി അറിയിച്ചു.

അതേസമയം തീയതി പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസ്സ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിവി പാറ്റ് എണ്ണുന്ന രീതിയില്‍ മാറ്റം ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഹിമാചല്‍ പ്രദേശിലും സമീപ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതിനാല്‍ നവംബര്‍ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനത്തെ പാര്‍ട്ടികളും ഭരണാധികാരികളുമാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് അവിടെ തീയതി പ്രഖ്യാപിച്ചത്. ഹിമാചലിലെ ഫലപ്രഖ്യാപനത്തിന് മുമ്പായി തന്നെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടത്തും. അതിനാല്‍ തന്നെ ഹിമാചലില്‍ ഫലം ഗുജറാത്തിനെ സ്വാധീനിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Top