90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യുഡിഎഫ്

കണ്ണൂര്‍: കാസര്‍ഗോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്ന ആവശ്യമുന്നയിച്ച് യുഡിഎഫ് രംഗത്ത്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് നടത്തണമെന്ന് ആവശ്യമുന്നയിച്ചത്.

കാസര്‍ഗോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായി യുഡിഎഫ് ആവശ്യം ഉന്നയിച്ചത്. കാസര്‍ഗോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ് നടന്നത്. അതില്‍ 100 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് പറഞ്ഞു. കാസര്‍ഗോട് മണ്ഡലത്തിലുള്‍പ്പെടുന്ന പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതിനെ കുറിച്ച് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, കള്ളവോട്ട് നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Top