വോട്ടിങ് മെഷീനുമായി പോളിങ് ഓഫീസര്‍ നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങി; സസ്പെന്‍ഷന്‍

കൊല്‍ക്കത്ത: വോട്ടിങ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോയി കിടുന്നുറങ്ങിയെന്ന ആരോപണത്തില്‍ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. തന്റെ ബന്ധു കൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥന്‍ പോയി കിടന്നത്.

ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തിരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് പോയപ്പോള്‍ ഇയാള്‍ വോട്ടിങ് മെഷീനും കൊണ്ടുപോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവിടെ സുരക്ഷാ ചുമതലുയള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയ വോട്ടിങ് മെഷീന്‍ നിലവില്‍ പരിശോധിച്ച് വരികയാണ്. ഒരു പ്രത്യേക മുറിയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ കസ്റ്റഡിയിലാണ് ഈ ഇവിഎം എന്നും കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ പശ്ചിമബംഗാളില്‍ വലിയ വിവാദ വിഷയമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അസമില്‍ ബിജെപി നേതാവിന്റെ വാഹനത്തില്‍ വോട്ടിങ് മെഷീന്‍ കൊണ്ടുപോയതിന് പിന്നാലെയാണ് പശ്ചിമബംഗാളിലെ പുതിയ സംഭവം.

Top