രാജസ്ഥാനിലെ വോട്ടെടുപ്പ് തീയതി നവംബർ 25ലേക്ക് മാറ്റി, മാറ്റം പ്രാദേശിക ഉത്സവം കാരണം

ന്യൂഡൽഹി : രാജസ്ഥാനിലെ വോട്ടെടുപ്പ് തീയതി നവംബർ 23ൽ നിന്ന് 25ലേക്ക് മാറ്റി. പ്രാദേശിക ഉത്സവം പ്രമാണിച്ചാണ് തീയതി മാറ്റിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 23ന് രാജസ്ഥാനിൽ 50,000ൽപരം വിവാഹങ്ങൾ നടക്കാൻ പോകുന്നതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു.

ഈ വർഷം നവംബർ 23നാണ് ദേവ് ഉതാനി ഏകാദശി. വിവാഹം നടത്താൻ ഏറ്റവും ഉത്തമമായ ദിനമെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്ന ദിവസമാണ് 23. രാജസ്ഥാനിൽ വിവാഹ സീസൺ ആരംഭിക്കുന്നതും ഈ ദിവസത്തോടെയാണ്. അന്നേ ദിവസം തന്നെ രാജസ്ഥാനിലെ 200 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുന്നത് പോളിങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

51,756 പോളിങ് ബൂത്തുകളിൽനിന്നായി 75% പോളിങ്ങാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതീക്ഷിക്കുന്നത്. 2018ൽ 74.71 ശതമാനമായിരുന്നു പോളിങ്. ഇന്നലെയാണ് രാജസ്ഥാനിലെ 200 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പോളിങ് നവംബർ 23നാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

Top