പൊള്ളാച്ചിയില്‍ ‘ഉരുകിയ’ തമിഴക മനം, വിജയപ്രതീക്ഷയില്‍ ഇടതുപക്ഷവും . . . !

മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള തമിഴകത്തെ ലോകസഭ മണ്ഡലങ്ങളാണ് മധുരയും കോയമ്പത്തൂരും. മുന്‍പ് പല തവണ ഈ മണ്ഡലങ്ങളില്‍ വിജയിച്ച ചരിത്രവും സി.പി.എമ്മിനുണ്ട്. വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ ചെങ്കൊടി പ്രസ്ഥാനം രംഗത്തിറങ്ങുമ്പോള്‍ അണികള്‍ ആവേശത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. ഡി.എം.കെ മുന്നണിയിലാണ് സി.പി.എമ്മും സി.പി.ഐയും ഇത്തവണ മത്സരിക്കുന്നത്. സി.പി.ഐക്ക് തിരുപ്പൂരിലും നാഗപട്ടണത്തുമാണ് സീറ്റുകള്‍ നീക്കിവച്ചിരിക്കുന്നത്.

മത്സരിക്കുന്ന നാല് സീറ്റുകളും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ് അണികള്‍. ബി.ജെ.പി, പാട്ടാളി മക്കള്‍ കക്ഷി, ഡി.എം.ഡി.കെ പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് ഭരണപക്ഷമായ അണ്ണാ ഡി.എം.കെ ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് പ്രതിപക്ഷത്തെ സംബന്ധിച്ച് ആശ്വാസം പകരുന്ന ഘടകമാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാത്തത് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് ഡിഎംകെ മുന്നണി.

തമിഴകത്ത് ഇപ്പോള്‍ കത്തി പടരുന്ന പൊള്ളാച്ചി പീഢനം മുന്‍നിര്‍ത്തി ശക്തമായ പ്രക്ഷോഭമാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും അഴിച്ചു വിട്ടിരിക്കുന്നത്. തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളുടെ രോഷത്തില്‍ ചുട്ടുപൊള്ളുകയാണിപ്പോള്‍ തമിഴകം. പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകളിലെ കോളജുകള്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികളും യുവതികളും അണിനിരന്ന മനുഷ്യചങ്ങലയും പുതിയ ചരിത്രമായി. നടന്‍ കമല്‍ ഹാസനും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും ഇപ്പോള്‍ പ്രധാന പ്രചരണ വിഷയമായി പൊള്ളാച്ചി പീഢനം മാറി കഴിഞ്ഞു.

അതേസമയം പൊള്ളാച്ചി പീഢന കേസിലെ പ്രതികള്‍ക്കെതിരെ അനവധി സ്ത്രീകള്‍ പരാതി നല്‍കികൊണ്ടിരിക്കുന്നതായ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 24നാണ് പ്രതികള്‍ക്കെതിരെ ആദ്യ പരാതി കിട്ടുന്നത്. 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി.

ഫെബ്രുവരി 12ന് ഈ പെണ്‍കുട്ടിയെ പ്രതികളായ ശബരിരാജനും തിരുന്നാവക്കരസും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി ബലമായി വസ്ത്രങ്ങള്‍ അഴിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ഭീഷണിയും പണം തട്ടലും തുടര്‍ന്നതോടെ പെണ്‍കുട്ടി വിവരങ്ങള്‍ സഹോദരനോട് പറയുകയായിരുന്നു. പിന്നീട് സഹോദരനാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നാണ് നിരവധി പെണ്‍കുട്ടികളെ ഇവര്‍ കുടുക്കിയതായ ഞെട്ടിപ്പിക്കുന്ന വിവരവും പൊലീസിന് മനസ്സിലാക്കാന്‍ സാധിച്ചത്.

പ്രതികളാല്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക് രഹസ്യമായി പരാതി നല്‍കുന്നതിന് ഒരു മൊബൈല്‍ നമ്പര്‍ സി.ബി.സി.ഐ.ഡി പുറത്തു വിട്ടതിനു പിന്നാലെയാണ് കൂട്ടത്തോടെ പരാതികള്‍ പ്രവഹിച്ച് തുടങ്ങിയത്. ഇതിനിടെ പീഢന കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്ന് കൂടിയത് ഭരണപക്ഷമായ അണ്ണാ ഡി.എം.കെയെ വെട്ടിലാക്കിയിട്ടുണ്ട്. ഈ പിഴവിന് 25 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ഹൈകോടതി പിഴയിട്ടത്. ഈ തുക നഷ്ടപരിഹാരമായി നല്‍കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ പൊള്ളാച്ചി പീഢനക്കേസ് കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തി കൊണ്ടുവരുന്നത്.

പ്രതിരോധത്തിലായ സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐക്ക് വിട്ടിട്ടുണ്ടെങ്കിലും പ്രതിഷേധം തണുത്തിട്ടില്ല. അത് കത്തി പടരുക തന്നെയാണ്. സ്വതന്ത്രമായി ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം തമിഴകത്ത് ഇപ്പോള്‍ ഇല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണം.ജയലളിതയുടെ അഭാവത്തില്‍ ക്രിമിനലുകളുടെ വിളഭൂമിയായി തമിഴകം മാറുന്നതില്‍ രാഷ്ട്രീയ നിരീക്ഷകരും കടുത്ത ആശങ്കയിലാണ്.

തമിഴകത്ത് ഒരു കാലത്ത് നടമാടിയ ഗുണ്ടാവിളയാട്ടം അവസാനിപ്പിച്ചത് ജയലളിത ഭരണകൂടത്തിന്റെ ശക്തമായ നടപടികളെ തുടര്‍ന്നായിരുന്നു. ജയലളിത മരണപ്പെട്ടതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഭരണപക്ഷമായ അണ്ണാ ഡി.എം.കെ. പനീര്‍ശെല്‍വ വിഭാഗവും എടപാടി പളനി സ്വാമി വിഭാഗവും ഒരുമിച്ചാണ് ഭരണം നടത്തുന്നതെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ വേഗത പോരെന്ന വിമര്‍ശനവും വ്യാപകമാണ്. തൂത്തുക്കുടി പൊലീസ് വെടിവയ്പും ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയമാണ്. നിലവില്‍ ലോകസഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് സ്വന്തം ഭാവി കൂടി നിര്‍ണ്ണയിക്കുന്ന വിധിയെഴുത്താണ് ഇനി വരാനിരിക്കുന്നത്.

Top