പൊല്ലാപ്പല്ല, പൊല്‍ ആപ്പ്; കേരള പൊലീസിന്റെ ഓണ്‍സേവനങ്ങള്‍ ലഭ്യമാകുന്ന ആപ്പിന് പേരായി

തിരുവനന്തപുരം: ഏറെ നാളുകളായി ഒരു ആപ്പിന് ഇടാനുള്ള പേര് തെരഞ്ഞെടുക്കുന്നതിരക്കിലായിരുന്നു കേരള പൊലീസും നാട്ടുകാരും. കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചു തയാറാക്കിയ പുതിയ ആപ്പിനാണ് ഒര പേരിന്റെ ആവശ്യമുണ്ടായിരുന്നത്.

ഒടുവില്‍ നിരവധി പേരുകളില്‍ നിന്ന് ഒരു പേര് തെരഞ്ഞെടുത്ത് കേരള പൊലീസ്. ‘പൊല്‍ആപ്’ (POL-APP) എന്നാണ് പുതിയ ആപ്പിനു നല്‍കിയിരിക്കുന്ന പേര്. പുതിയ ആപ്പിനു പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടാന്‍ അഭ്യര്‍ഥിച്ച് പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

നിര്‍ദേശിക്കപ്പെട്ട പേരുകളില്‍ ഏറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വീകാര്യതലഭിച്ചതുമായ ‘പൊല്‍ ആപ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പൊലീസിന്റെ ‘പൊല്‍’ഉം ആപ്പിന്റെ ‘ആപ്പ്’ഉം ചേര്‍ത്ത് ‘പൊല്ലാപ്പ്’ എന്നായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന്റെ നിര്‍ദേശം. ഇതു പരിഷ്‌കരിച്ച് ‘പൊല്‍ആപ്’ ആക്കുകയായിരുന്നു. പേര് നിര്‍ദേശിച്ച ശ്രീകാന്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉപഹാരം നല്‍കും.

ജൂണ്‍ 10ന് ഓണ്‍ലൈന്‍ റിലീസിങ്ങിലൂടെയാണ് ആപ് ഉദ്ഘാടനം ചെയ്യുന്നത്. പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിങ്, എഫ്ഐആര്‍ ഡൗണ്‍ലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷന്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്‍ദേശങ്ങള്‍, ജനമൈത്രി സേവനങ്ങള്‍, സൈബര്‍ ബോധവല്‍ക്കരണം ട്രാഫിക് നിയമങ്ങള്‍, ബോധവല്‍ക്കരണ ഗെയിമുകള്‍, പൊലീസ് ഓഫിസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്പറുകളും ഇമെയില്‍ വിലാസങ്ങള്‍, ഹെല്‍പ്ലൈന്‍ നമ്പരുകള്‍, വെബ്സൈറ്റ് ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തുടങ്ങി 27 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈല്‍ ആപ് തയാറാക്കിയിരിക്കുന്നത്.

Top