തിരഞ്ഞെടുപ്പ് പരാജയത്തെ അടിസ്ഥാനമാക്കി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തെ വിലയിരുത്തരുത്;കോടിയേരി

Kodiyeri-

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ സ്വാധീനവും ശക്തിയും വര്‍ധിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് ഇടതുപക്ഷം നിഷ്‌കാസിതമാകുമെന്ന ചില പണ്ഡിതന്മാരുടെ വിലയിരുത്തല്‍ തീര്‍ത്തും അബദ്ധജഡിലമാനെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ബംഗാളിലും ത്രിപുരയിലും കേരളത്തിലും കമ്യൂണിസ്റ്റുകാര്‍ക്ക് ഭരണമില്ലാത്ത കാലമുണ്ടായിട്ടുണ്ട്. പിന്നീട് ബംഗാളിലും കേരളത്തിലും ഭരണമില്ലാതിരിക്കുകയും ത്രിപുരയില്‍മാത്രം സിപിഐ എം നേതൃത്വത്തിലുള്ള ഭരണം ഉണ്ടായിരുന്ന സമയവുമുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തെമാത്രം അടിസ്ഥാനമാക്കി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ശേഷിയെ വിലയിരുത്തുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

പുന്നപ്ര വയലാര്‍ സമരവും കരിവെള്ളൂര്‍ കയ്യൂര്‍ സമരവും ശൂരനാട് കലാപവും ഗുരുവായൂര്‍ സത്യഗ്രഹവുമൊക്കെ നടന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്റെറി സ്ഥാപനങ്ങളിലെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു. അതിനാല്‍ പാര്‍ലമെന്റെറി സ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തെമാത്രം അടിസ്ഥാനമാക്കി ഒരു സമൂഹത്തിലെ ഇടതുപക്ഷ ഇടപെടല്‍സ്വാധീനത്തെ അളക്കുന്നത് യുക്തിഹീനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ത്രിപുരയ്ക്ക് നേരിട്ട പരാജയത്തെ അതിജീവിക്കാന്‍ പാര്‍ലമെന്റെറി പാര്‍ലമെന്റെതര മാര്‍ഗങ്ങളിലെ സമരവും ജനകീയ ഇടെപടലും ശക്തമാക്കി സിപിഐ എം മുന്നോട്ടുപോകും. അതിലൂടെ ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ആര്‍ജിച്ച് ത്രിപുരയില്‍ ഉള്‍പ്പെടെ ഫാസിസ്റ്റ് രീതിയിലുള്ള കടന്നാക്രമണങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top