കാസ്ഗഞ്ച് സംഘര്‍ഷം: ജില്ലയില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് വിഛേദിച്ചു

kasganj

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ജില്ലയില്‍ 144 പ്രഖ്യാപിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എബിവിപിയും വിശ്വ ഹിന്ദു പരിഷത്തും നടത്തിയ തിരംഗ ബൈക്ക് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവവുമായിമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഇരു സമുദായങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

കാസ്ഗഞ്ച് നഗരത്തിലെ പ്രധാന മാര്‍ക്കറ്റിലുള്ള നിരവധി കടകള്‍ അക്രമണകാരികള്‍ തീവെച്ചു നശിപ്പിച്ചു. രണ്ടു ബസുകളും അഗ്‌നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രിയും നഗരത്തിന്റെ പലയിടങ്ങളിലും അക്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം വരെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് ആര്‍ പി സിങ് വ്യക്തമാക്കി.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അക്രമം നിയന്ത്രണവിധേയമാക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പോലീസ് സേനയെ കസ്ഗഞ്ചിലേയ്ക്ക് എത്തിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചില്‍ വെടിയേറ്റ് 22 കാരനായ ചന്ദന്‍ ഗുപ്ത മരിച്ചത്. തുടര്‍ന്നാണ് ഇരു ഇരുവിഭാവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. തിരംഗയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Top