ജനങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട; സ്മൃതി ഇറാനി

smriti irani

ന്യൂഡല്‍ഹി: ജനങ്ങള്‍ ഏതു വിധത്തിലുള്ള വസ്ത്രം ധരിക്കണം എന്നതില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ സ്ത്രീവിരുദ്ധപരാമര്‍ശം മര്യാദാലംഘനമാണെന്നുള്‍പ്പെടെ പ്രതികരിച്ചതോടെ വിഷയത്തില്‍ രൂക്ഷമായ എതിരഭിപ്രായവുമായി രംഗത്തെത്തുന്ന ആദ്യ ബിജെപി നേതാവായി സ്മൃതി ഇറാനി.

ഏത് വിധത്തില്‍ താന്‍ ജീവിക്കണമെന്നും ഏത് തരം വസ്ത്രം ധരിച്ച് സാമൂഹികമായി ഇടപെടണമെന്നും തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശം അലംഘനീയമായ ചില സംഗതികളിലൊന്നാണ്. പുരുഷനോ സ്ത്രീയോ ട്രാന്‍സ്ജെന്‍ഡറോ ആയിക്കൊള്ളട്ടെ, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അവരുടെ വസ്ത്രധാരണരീതിയിലോ ഭക്ഷണകാര്യത്തിലോ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല.

നിയമനിര്‍മാണവും നിയമപാലനത്തിന്റെ മേല്‍നോട്ടവുമാണ് രാഷ്ട്രീയനേതാക്കള്‍ ചെയ്യേണ്ട സേവനം-ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ സ്മൃതി പറഞ്ഞു.

Top