തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി മമതയ്ക്ക് വഴികാട്ടും…

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുവേണ്ടി പ്രവര്‍ത്തിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നാലെയാണീ പുതിയ നീക്കം.

പ്രശാന്ത് കിഷോറും മമത ബാനര്‍ജിയും നടത്തിയ രണ്ടു മണിക്കൂര്‍നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ മമതയ്ക്കൊപ്പം എത്തുന്നത്. 2014 ല്‍ നരേന്ദ്ര മോദിക്കുവേണ്ടിയും 2015 ല്‍ നിതീഷ് കുമാറിനു വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് ജഗന്‍മോഹന്‍ റെഡ്ഡിക്കൊപ്പം പ്രവര്‍ത്തിച്ച് അദ്ദേഹം വിജയം ഉറപ്പാക്കിയത്. അതിനുശേഷം പല പാര്‍ട്ടികളും പ്രശാന്ത് കിഷോറിനെ സമീപിച്ചുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Top