മോദിയെ തള്ളി രാഹുലിന് കൈകൊടുത്ത് കെസിആര്‍ ! തെലങ്കാനയില്‍ രാഷ്ട്രീയം മാറിമറിയുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബിജെപിയെ ഞെട്ടിച്ച് ടി.ആര്‍.എസിന്റെ ചുവടുമാറ്റം. എന്‍ഡിഎ മുന്നണിയിലല്ലെങ്കിലും ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി പല പ്രതിസന്ധി ഘട്ടത്തിലും പാര്‍ലമെന്റില്‍ ബിജെപിക്ക് തുണയായിരുന്നു. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ രാജ്യസഭയിലും ലോക്സഭയിലും നടന്ന നിര്‍ണായക വോട്ടെടുപ്പുകളില്‍ ബിജെപിയെ പിന്തുണച്ചിരുന്ന ടി.ആര്‍.എസിന്റെ ചുവടുമാറ്റമാണിപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം.

സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടി ചേരുന്ന യോഗത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ടി.ആര്‍.എസ് പ്രതിനിധിയും പങ്കെടുക്കുന്നു എന്നുള്ളതാണ് അപൂര്‍വ്വത. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള ബിജെപി ഇതര പാര്‍ട്ടികളുടെ യോഗത്തിലാണ് ടി.ആര്‍.എസും പങ്കെടുത്തത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ടി.ആര്‍.എസ് ഇത്തരമൊരു പ്രതിപക്ഷ യോഗത്തില്‍ പങ്കാളികളാകുന്നത്.

12 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയെ പ്രതിരോധിക്കാന്‍ വേണ്ടി ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മുതിര്‍ന്ന ടിആര്‍എസ് എംപി കെ.കേശവ റാവുവാണ് പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ കോര്‍ത്തിണക്കി മൂന്നാം മുന്നണി രൂപീകരണത്തിന് ശ്രമം നടത്തിയിരുന്ന ടിആര്‍എസാണിപ്പോള്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കര്‍ണാടക കഴിഞ്ഞാല്‍ ബിജെപിക്ക് നിലവില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ് തെലങ്കാന. സമീപകാലത്ത് സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ച ചന്ദ്രശേഖര റാവുവിനേയും പാര്‍ട്ടിയേയും ചെറുതല്ലാത്ത രീതിയിലൊന്ന് പിടിച്ചു കുലുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മുഖ്യരാഷ്ട്രീയ എതിരാളിയായി ബിജെപി നിലകൊള്ളുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് ദേശീയ തലത്തിലുള്ള ഇപ്പോഴത്തെ ടി.ആര്‍.എസിന്റെ ചുവടുമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Top