ആർക്കും ഭൂരിപക്ഷമില്ലാത്ത സർക്കാരോ, എങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് ഉറപ്പാകും !

വിലപേശാനൊരുങ്ങുന്ന പ്രാദേശിക കക്ഷികള്‍ പ്രധാനമന്ത്രിപദത്തിനായി കരുനീക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഇന്ത്യന്‍ ജനാധിപത്യം. ദേശീയ കാഴ്ചപ്പാടില്ലാത്ത പ്രാദേശിക കക്ഷികള്‍ ചേരുന്ന മൂന്നാം മുന്നണി രാഷ്ട്രീയം ഇന്ത്യക്ക് സമ്മാനിച്ചത് അല്‍പായുസായ കേന്ദ്ര സര്‍ക്കാരുകളെ മാത്രമാണ്.

കാലാവധി തികക്കാനാവാതെ മാസങ്ങളും വര്‍ഷങ്ങളും മാത്രം പ്രധാനമന്ത്രിപദമേറിയ നേതാക്കള്‍ ഇന്ത്യക്ക് സമ്മാനിച്ചത് രാഷ്ട്രീയ അസ്ഥിരത മാത്രമാണ്. സ്വാതന്ത്ര്യാനന്തരം ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു 1964 മെയ് 27 മരണം വരെ 17 വര്‍ഷമാണ് തുടര്‍ച്ചയായി പ്രധാനമന്ത്രിയായത്. പട്ടിണിയിലായ രാജ്യത്തെ കെട്ടുറപ്പോടെ കെട്ടിപ്പടുത്തിയത് ജവഹര്‍ലാല്‍നെഹ്‌റുവിന്റെ കാലഘട്ടത്തിലാണ്. പഞ്ചവത്സരപദ്ധതികളും ചേരിചേരാനയവുമായി നെഹ്‌റു ലോകരാജ്യനേതാക്കളുടെ പട്ടികയിലേക്കുയര്‍ന്നു.

നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ജനാധിപത്യ ചിന്തകളാണ് ഇന്ത്യയെ മതേതരരാജ്യമായി വളര്‍ത്തിയത്. നെഹ്‌റുവിന്റെ മരണശേഷം ഒരു മാസത്തോളം ഗുല്‍സാരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി. തുടര്‍ന്ന് 1964 ജൂണ്‍ ഒമ്പതിന് ലാല്‍ബഹദൂര്‍ ശാസ്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രണ്ടു വര്‍ഷം പ്രധാനമന്ത്രിപദത്തിലിരുന്ന ശാസ്ത്രി 1966 ജനുവരി 11ന് താഷ്‌ക്കന്റില്‍ മരണപ്പെടുകയായിരുന്നു. ശാസ്ത്രിയുടെ മരണശേഷം കേവലം 14 ദിവസത്തേക്ക് ഗുല്‍സാരിലാല്‍ നന്ദ വീണ്ടും കാവല്‍പ്രധാനമന്ത്രിയായി.

തുടര്‍ന്ന് നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധി 1966 ജനുവരി 24ന് പ്രധാനമന്ത്രിപദമേറ്റു. 1977വരെ തുടര്‍ച്ചയായ 11 വര്‍ഷം ഇന്ദിര എതിരാളികളില്ലാത്ത ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിളങ്ങി. ബാങ്ക് ദേശസാല്‍ക്കരണം, പ്രിവീ പേഴ്‌സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളെടുത്തത് ഇന്ദിരയായിരുന്നു.

ഇന്ത്യ, കാര്‍ഷിക, സൈനിക മേഖലയില്‍ കരുത്തുനേടിയത് ഇന്ദിരയുടെ കാലഘട്ടത്തിലാണ്. പാക്കിസ്ഥാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും കിഴക്കന്‍ പാക്കിസ്ഥാനെ ബംഗ്ലാദേശെന്ന പുതിയ രാജ്യമാക്കിയും ഇന്ത്യയെ ഇന്ദിര ലോകത്തെ പ്രധാന സൈനിക ശക്തിയാക്കി മാറ്റി.എന്നാല്‍ 1977ല്‍ അടിയന്തിരാവസ്ഥക്കു ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരയും കോണ്‍ഗ്രസും തകര്‍ന്നടിയുകയാണുണ്ടായത്.

1977 മാര്‍ച്ച് 24ന് ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ മുന്നണികളുടെ സര്‍ക്കാരായി ജനത സര്‍ക്കാര്‍ അധികാരമേറ്റു. കിടമത്സരങ്ങളും അധികാരവടംവലിയും കാരണം പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് രണ്ടു വര്‍ഷമേ പ്രധാനമന്ത്രി പദത്തില്‍ തുടരാനായുള്ളൂ.

1979 ജൂലൈ 28ന് മൊറാര്‍ജി ദേശായിക്ക് പ്രധാനമന്ത്രി പദം രാജിവെച്ചൊഴിയേണ്ടി വന്നു. പകരം ചരണ്‍സിങ് പ്രധാനമന്ത്രിയായി. തമ്മിലടി മൂര്‍ഛിച്ചതോടെ ചരണ്‍സിങിന് 1980 ജനുവരി 14ന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവന്നു. 1980തിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും കൊടുങ്കാറ്റുപോലെ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തി. 1984 ഒക്ടോബര്‍ 31ന് ഔദ്യോഗിക വസതിയില്‍ അംഗക്ഷകരുടെ വെടിയേറ്റു വീഴുന്നതുവരെ ഇന്ദിര ഇന്ത്യയുടെ ഉരുക്കു വനിതയായിരുന്നു.

ഇന്ദിരയുടെ മരണശേഷം മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദമേറ്റെടുത്തു. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ വിജയം സമ്മാനിച്ച രാജീവ് 1989 ഡിസംബര്‍ രണ്ടു വരെ പ്രധാനമന്ത്രിപദത്തില്‍ തുടര്‍ന്നു. 1989തിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ വീണ്ടും മൂന്നാം മുന്നണി രാഷ്ട്രീയം പരീക്ഷിച്ചു. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് 1989തില്‍ വി.പി സിങിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി.

മൂന്നാം മുന്നണിയിലെ തമ്മിലടി മൂര്‍ഛിച്ചതോടെ ഒരു വര്‍ഷം കൊണ്ട് വി.പി സിങിനെ രാജിവെപ്പിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ഒരു വര്‍ഷമാണ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നത്. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ആ സര്‍ക്കാരും നിലംപതിച്ചു.

1991ല്‍ പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ മനുഷ്യബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. രാജീവ് തരംഗത്തില്‍ 1991ല്‍ പി.വി നരസിംഹറാവു പ്രധാനമന്ത്രിയായി. ന്യൂനപക്ഷ സര്‍ക്കാരായി അധികാരമേറ്റ നരസിംഹറാവും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എം.പിമാരടക്കമുള്ളവരെ ഒപ്പം കൂട്ടി ഭൂരിപക്ഷം തികക്കുകയായിരുന്നു.

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ നരസിംഹറാവു സര്‍ക്കാരിനു പിന്നാലെ എ.ബി വാജ്‌പേയി ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ ഒരു മാസത്തിനുള്ളില്‍ വാജ്‌പേയിക്കും പ്രധാനമന്ത്രി പദം രാജിവെച്ചൊഴിയേണ്ടി വന്നു.

പിന്നീട് സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് മുന്‍കൈയ്യെടുത്ത് മൂന്നാംമുന്നണിയുണ്ടാക്കി ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി. കോണ്‍ഗ്രസ് പുറമെനിന്നും പിന്തുണയും നല്‍കി. ഒരു വര്‍ഷം പ്രധാനമന്ത്രിയായ ദേവഗൗഡ മുന്നണിയിലെ തമ്മിലടി മൂര്‍ച്ചിച്ചതോടെ രാജിവെച്ചൊഴിഞ്ഞു പകരം ഐ.കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി. ഗുജറാളിനും ഒരു വര്‍ഷമേ പ്രധാനമന്ത്രിയായിരിക്കാനായുള്ളൂ.

ഇതിന് ശേഷം 1998ല്‍ കേവല ഭൂരിപക്ഷം നേടി വാജ്‌പേയി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. 2004വരെ വാജ്‌പേയി പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. ബി.ജെ.പി ഭരണത്തിന് വിരാമമിട്ട് കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് 2004 മെയ് 22ന് പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന്റെ ഏക കക്ഷി ഭരണത്തിന് അന്ത്യം കുറിച്ച് യു.പി.എ എന്ന മുന്നണി സംവിധാനത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് മന്‍മോഹന്‍ സിംങ് പ്രധാനമന്ത്രിയായത്. എന്നാല്‍ പിന്നീട് ആണവക്കരാറിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇടതുമുന്നണി പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് യു.പി.എ സര്‍ക്കാര്‍ 2014വരെ ഭരണംനടത്തി.

ഡി.എം.കെയിലെ എ. രാജ നടത്തിയ 1.64 ലക്ഷം കോടിയുടെ 2ജി സ്‌പെക്ട്രം അഴിമതിഅടക്കമുള്ളവയില്‍ മുഖം നഷ്ടപ്പെട്ട യു.പി.എക്ക് 2014 ലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പുതിയ ഊഴം നരേന്ദ്രമോദിക്കായിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി മത്സരരംഗത്തില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയും ബി.ജെ.പിയുടെ എന്‍.ഡി.എയും തമ്മിലാണ് പ്രധാന മത്സരം.

ഇടതുകക്ഷികളും എസ്.പി ബി.എസ്.പി സഖ്യവും ആം ആദ്മി പാര്‍ട്ടി, മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ചന്ദ്രശേഖററാവുവിന്റെ ടി.ആര്‍.എസ്, ജഹന്‍ മോഹന്‍ റെഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും ചില സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക ഘടകമാണ്.

ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലെങ്കില്‍ മൂന്നാം മുന്നണിയിലൂടെ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നവരാണ് പ്രാദേശിക കക്ഷി നേതാക്കള്‍. ഇടതുപക്ഷത്തെ മാത്രമാണ് ഈ കൂട്ടത്തില്‍നിന്നും മാറ്റി നിര്‍ത്താവുന്നത്.

136 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഭാഗദേയം നിര്‍ണയിക്കുന്നത് പ്രാദേശിക താല്‍പര്യങ്ങള്‍ മാത്രമുള്ള രാഷ്ട്രീയ പാര്‍ട്ടികളാകുന്നതിലെ അപകടം രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ കാഴ്ചപ്പാടില്ലാത്ത കക്ഷികള്‍ അധികാരം കൈയ്യാളുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ പിറകോട്ടടിക്കുമെന്ന ആശങ്കയും ഇപ്പോള്‍ ശക്തമാണ്.

Express Kerala View

Top