തമിഴകത്ത് തരംഗമായി കത്തിപ്പടർന്ന് വിജയ്. . . രാഷ്ട്രീയ പ്രവേശനം ഭയന്ന് രാഷ്ട്രീയ പാർട്ടികളും

മിഴ്‌നാടു രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് നിലവില്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്. ദ്രാവിഡ പാര്‍ട്ടികളെ തകര്‍ത്ത് മേധാവിത്വം ഉറപ്പിക്കാന്‍ ഒരുഭാഗത്ത് ബി.ജെ.പി ശ്രമിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഭരണപക്ഷമായ ഡി.എം.കെയും ആവനാഴിയിലെ ആയുധങ്ങള്‍ പ്രയോഗിച്ചു വരികയാണ്. അഴിമതി കേസില്‍ സംസ്ഥാന മന്ത്രിയെ തന്നെ ഇ.ഡി അറസ്റ്റ് ചെയ്തപ്പോള്‍ സൈബര്‍ കേസില്‍ അര്‍ദ്ധരാത്രി ബി.ജെ.പി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റു ചെയ്താണ് സ്റ്റാലിന്‍ സര്‍ക്കാര്‍ തിരിച്ചടിച്ചിരിക്കുന്നത്. ഇതോടെ വലിയ പോര്‍മുഖമാണ് തമിഴകത്തിപ്പോള്‍ തുറന്നിരിക്കുന്നത്.

ജയലളിതയ്ക്കു ശേഷം നയിക്കാന്‍ ശേഷിയുള്ള ഒരു നേതാവില്ലാതിരുന്നതാണ് അണ്ണാ ഡി.എം.കെയുടെ പതനത്തില്‍ കലാശിച്ചിരുന്നത്. ഇതേ സാഹചര്യം ഡി.എം.കെയ്ക്കും സംഭവിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നത്. സ്റ്റാലിനു ശേഷം ഉയര്‍ത്തിക്കാട്ടാന്‍ ഒരു ജനകീയ നേതാവ് ഡി.എം.കെയില്‍ ഇല്ലന്നു വിലയിരുത്തുന്ന ബി.ജെ.പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ ആശിര്‍വാദത്തോട മകന്‍ ഉദയനിധിയായിരിക്കും ഡി.എം.കെയെ നയിക്കുക എന്നാണ് കരുതുന്നത്. ഇത്തരമൊരു സാഹചര്യം മുതലെടുത്ത് തമിഴകത്ത് ബി.ജെ.പിക്ക് വേരുറപ്പിക്കാന്‍ കഴിയുമെന്നതാണ് കാവിപ്പടയുടെ കണക്കുകൂട്ടല്‍.

ഉദയനിധിയെ ലക്ഷ്യമിട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഗുരുതര ആരോപണമുന്നയിച്ചതും കേന്ദ്ര ഏജന്‍സികള്‍ തമിഴ് നാട്ടില്‍ പിടിമുറുക്കിയതുമെല്ലാം തന്ത്രപരം തന്നെയാണ്. ദ്രാവിഡ പാര്‍ട്ടികളാണ് ബി.ജെ.പിയുടെ വളര്‍ച്ചക്ക് തടസ്സമെന്നതിനാല്‍ ആ പാര്‍ട്ടികളെ തകര്‍ക്കുക തന്നെയാണ് ലക്ഷ്യം. ജയലളിതയുടെ മരണവും നേതൃത്വത്തിലെ ഭിന്നതയും മൂലം അണ്ണാ ഡി.എം.കെയുടെ കാര്യം ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ഇനി ഈ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ട് ഒരു നേട്ടവും ഉണ്ടാവില്ലന്നതു ബി.ജെ.പിയും തിരിച്ചറിഞ്ഞു കഴിഞ്ഞു. മുന്‍ ഐ.പി.എസ് ഓഫീസറായ അണ്ണാമലൈയില്‍ വിശ്വാസമര്‍പ്പിച്ചാണ് തമിഴകത്തെ സകല രാഷ്ട്രീയ നീക്കങ്ങളും ബി.ജെ.പി നടത്തുന്നത്.

വരും ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ കൂടുതല്‍ ഇടപെടലിനും സാധ്യതയുണ്ട്. ഡി.എം.കെയുടെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തി തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ.ഡി വഴി ശ്രമിക്കുമെന്ന അഭ്യൂഹവും തമിഴകത്തു ശക്തമാണ്. ഡി.എം.കെ വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തി പരമാവധി ലോകസഭ സീറ്റുകള്‍ സ്വന്തമാക്കുക എന്നതിനാണ് ബി.ജെ.പി ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിക്കു മുന്നേറ്റം സാധ്യമായാല്‍ തീര്‍ച്ചയായും അത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എന്നാല്‍, ബി.ജെ.പിയുടെ ഈ സ്വപ്നങ്ങള്‍ക്കു വലിയ വെല്ലുവിളിയായി ഒരു താര പിറവി തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്തു നിന്നും ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്‍തുണയുള്ള നടന്‍ വിജയ് ആണ് ഒരേസമയം ബി.ജെ.പിക്കും ദ്രാവിഡ പാര്‍ട്ടികള്‍ക്കും ഭീഷണിയായി രംഗത്തു വരാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും താരം മനസ്സു തുറന്നിരുന്നില്ല. എന്നാല്‍ നിലവില്‍ വിജയ് നടത്തുന്ന ചില നീക്കങ്ങള്‍ ഈ അഭ്യൂഹത്തിനു ശക്തി പകരുന്നതാണ്.

നീലാങ്കാരയിലെ ആര്‍കെ കണ്‍വന്‍ഷന്‍ സെന്ററില്‍ പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ വിജയ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ആഹ്വാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. തെരഞ്ഞെടുപ്പും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി സംസാരിച്ച വിജയ് ‘വോട്ട് ചെയ്യുകയാണെങ്കില്‍ കൈക്കൂലി വാങ്ങാതെ വോട്ട് ചെയ്യണമെന്നു സ്വന്തം മാതാപിതാക്കളോടു പറയണമെന്നതാണു’ കുട്ടികളെ ആദ്യം ഉപദേശിച്ചിരിക്കുന്നത്. നിര്‍ഭയമായി വോട്ട് ചെയ്യുന്നതിലൂടെ വരുന്ന വലിയ മാറ്റങ്ങള്‍ക്കു നമ്മള്‍ സാക്ഷികളാകണമെന്നും താരം പറയുകയുണ്ടായി.

കൈക്കൂലി വാങ്ങാതെ വോട്ട് ചെയ്യുന്നതിന്റെ ഗുണം നിങ്ങള്‍ ആദ്യമായി വോട്ട് ചെയ്യുമ്പോള്‍ തിരിച്ചറിയും, ഈ തിരിച്ചറിവാണ് നിങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായതിന്റെ ലക്ഷണമെന്നും പറഞ്ഞ വിജയ് ഒന്നര ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഒരു രാഷ്ട്രീയനേതാവ് ഒരു വോട്ടര്‍ക്ക് ആയിരം രൂപ വീതം നല്‍കിയാല്‍ ഏകദേശം 15 കോടിയെങ്കിലും അയാള്‍ക്ക് ചെലവഴിക്കേണ്ടിവരുമെന്ന കണക്കും നിരത്തുകയുണ്ടായി. ഇങ്ങനെ 15 കോടി നല്‍കണമെങ്കില്‍ എത്ര കോടി ഇതിനുമുന്‍പു അയാള്‍ ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന വിജയ് യുടെ ചോദ്യത്തിനു മുന്നില്‍ സദസ്സ് പോലും അമ്പരന്നു പോയി എന്നതാണ് സത്യം.

സൂപ്പര്‍ താരത്തിന്റെ ഈ വാക്കുകള്‍ക്ക് വലിയ പ്രതികരണമാണ് തമിഴകത്തു നിന്നും ഉണ്ടായിരിക്കുന്നത്. തങ്ങളുടെ വോട്ടിന് മൂല്യം ഉണ്ടാകണമെങ്കില്‍ വിജയ് രാഷ്ട്രീയത്തില്‍ വരണമെന്നു ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ പ്രതികരണങ്ങള്‍ തമിഴ്‌നാടു രാഷ്ട്രീയ കേന്ദ്രങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, വിജയ്ക്കു പിന്തുണയുമായി തമിഴ്‌നാട് യുവജനക്ഷേമ- കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിജയ് ഒരു നല്ല കാര്യം പറഞ്ഞു, എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നു മാധ്യമങ്ങളോടു ചോദിച്ച ഉദയനിധി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും തുറന്നു പറയുകയുണ്ടായി.

സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ജീവിതത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന വിജയ്യുടെ പ്രസ്താവനയെ ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകള്‍ കക്ഷിയും സ്വാഗതം ചെയ്തിട്ടുണ്ട്. വിജയ് ഫാന്‍സ് അസോസിയേഷനായ ദളപതി വിജയ് മക്കള്‍ ഇയക്കം 2021ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ച 169സീറ്റില്‍ 115 സീറ്റും നേടി. വലിയ അട്ടിമറി വിജയമാണ് കരസ്ഥമാക്കിയിരുന്നത്. വിജയ്‌യുടെ ഫോട്ടോ മാത്രം ഉയര്‍ത്തിക്കാട്ടി നേടിയ വിജയമാണിത് എന്നതും നാം തിരിച്ചറിയണം. ഈ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വിജയ് മുന്നോട്ടു പോയാല്‍ ആ പാര്‍ട്ടി തമിഴക ഭരണം പിടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

സിനിമാതാരങ്ങള്‍ മുഖ്യമന്ത്രിമാരായ ചരിത്രമാണ് തമിഴ്‌നാടിനുള്ളത്. എം.ജി.ആര്‍ മുതല്‍ ജയലളിതവരെ നീളുന്നതാണ് ആ ചരിത്രം. എന്തിനേറെ ഇവരുടെ എതിരാളിയായ മുന്‍ മുഖ്യമന്ത്രി കരുണാനിധി പോലും സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തായിരുന്നു. ഇവിടെയാണ് ദളപതിക്കും പ്രസക്തി വര്‍ദ്ധിക്കുന്നത്. തമിഴ്‌നാടു രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വലിയ ഒരു സ്‌പെയ്‌സ് ഉണ്ട്. ജയലളിതയ്ക്കു ശേഷമുണ്ടായ ശൂന്യതയാണത്. ഈ സ്‌പെയ്‌സില്‍ വിജയ് കടന്നു കയറിയാല്‍ തമിഴ് നാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറി മറിയും. തന്റെ പ്രസംഗങ്ങളിലൂടെയും സിനിമകളിലൂടെയും എക്കാലത്തും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് ദളപതി വിജയ്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായ സംസ്ഥാനത്ത് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അതും അദ്ദേഹത്തിനു അനുകൂലമായി മാറാനാണ് സാധ്യത.

EXPRESS KERALA VIEW

Top