രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുതല്‍ പിണറായിയുടെ നാട്ടില്‍ ; ലോക്‌സഭയില്‍ ബഹളം

ന്യൂഡല്‍ഹി: കേരളത്തിലെ അക്രമസംഭവങ്ങളെ കുറിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ലോക്‌സഭയില്‍ ഇന്ന് പ്രതിപക്ഷ ബഹളം നടന്നത്.

ബിജെപി എംപിമാരായ മീനാക്ഷി ലേഖിയും, പ്രഹ്ലാദ് ജോഷിയും ഇന്നലെ സിപിഐഎമ്മിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇടത് എംപിമാരായ പി കരുണാകരനും, എം ബി രാജേഷും, പി കെ ശ്രീമതിയും ആവശ്യപ്പെട്ടു.

സഭയില്‍ ഇല്ലാത്തവരുടെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും ഇടതുപക്ഷ എംപിമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെതിരെ ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയതോടെ സഭ പ്രക്ഷുഭ്തമാവുകയിരുന്നു. സിപിഐഎം അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് അല്‍പനേരത്തേയ്ക്ക് ലോക്‌സഭ നിര്‍ത്തിവെച്ചു.

ശൂന്യവേളയില്‍ പി. കരുണാകരന്‍ എംപിയാണ് വിഷയം ഇന്ന് സഭയില്‍ ഉന്നയിച്ചത്. സഭയില്‍ ഇല്ലാത്തവരുടെ പേര് ഉന്നയിച്ചാല്‍ അവര്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭ ബഹളത്തില്‍ മുങ്ങിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു.

താലിബാന്‍ മോഡലില്‍ സിപിഐഎം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നുവെന്നായിരുന്നു മീനാക്ഷി ലേഖി ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ദൈവത്തിന്റെ സ്വന്തം നാട് ദൈവം കൈഒഴിഞ്ഞ നാടായെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ 14 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ പരിതപിക്കുന്നവര്‍ കേരളത്തില്‍ ദലിത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് എന്താണ് പറയുന്നതെന്ന് മീനാക്ഷി ലേഖി ചോദിച്ചിരുന്നു.

കേരളത്തില്‍ നിന്ന് ഒരു രാം നാഥ് കോവിന്ദ് ഉണ്ടാവാതിരിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.

Top