കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പിടിയിലായ സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ സഞ്ചരിച്ചത് സജിയുടെ വാഹനത്തിലായിരുന്നു. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസില്‍ സംശയമുള്ളവരുടെ പേര് വെളിപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നു പറഞ്ഞ കൃഷ്ണന്‍ പ്രാദേശിക നേതാക്കളുടെ പേരുകള്‍ സഹിതമാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

കേസിലെ പ്രതിയായ പീതാംബരന്‍ എച്ചിലടുക്കംമുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാല്‍ കൊലപാതകം നടന്നിരിക്കുന്ന കല്യോട് പ്രദേശത്താണ്. പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും ബാലകൃഷ്ണന്‍ അറിയാതെ വേറെ ബ്രാഞ്ചില്‍ ഉള്‍പ്പെട്ടവര്‍ ഇവിടെ ഒന്നും ചെയ്യില്ലെന്നും കൃഷ്ണന്‍ ആരോപിച്ചു.

കൃപേഷുമായും ശരത് ലാലുമായും വ്യക്തി വൈരാഗ്യമുണ്ടായിരുന്ന ഗംഗാധരന്‍, വത്സന്‍ എന്നിവര്‍ ഇവര്‍സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി മുഴക്കിയിരുന്നതായും കൃഷ്ണന്‍ ആരോപിക്കുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തത്. പീതാംബരനില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണന്‍ കൊല നടത്തുന്നതിനായി മറ്റ് പലരും പിന്നില്‍ പ്രവര്‍ത്തിക്കുകയും പണം ചെലവാക്കിയതായുംആരോപണം ഉന്നയിച്ചു.

സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ പറഞ്ഞു.

Top