പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് വിശദീകരണവുമായി ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് രംഗത്ത്.

ജനവികാരവും പ്രവര്‍ത്തകരുടെ വികാരവും ഉള്‍ക്കൊള്ളേണ്ട ബാധ്യത ഉണ്ടെന്നും അതിനാലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

സിപിഎം സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണ്. സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എവിടെയും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രവര്‍ത്തകര്‍ സംയമനം വിട്ട് പെരുമാറിയിട്ടുണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് സംവിധാനം ഉണ്ട്, ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

അതേസമയം, ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ഡീന്‍ കുര്യാക്കോസിനെതിരെയും യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാനെതിരെയും ഹൈക്കോടതി നടപടി എടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിച്ചത്. ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ ആക്രമണത്തിന്റെ വീഡിയോ ഹാജരാക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.

Top