Political leaders -fear-about-Pinarayi’s actions-against-corruption

തിരുവനന്തപുരം: അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കി തുടങ്ങിയതോടെ ആശങ്കാകുലരായി രാഷ്ട്രീയ നേതാക്കള്‍.

സ്വജനപക്ഷപാതം മുന്‍നിര്‍ത്തി വിശ്വസ്തനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ മുഖ്യമന്ത്രി പിണറായി നിലപാട് കടുപ്പിച്ചതാണ് രാഷ്ട്രീയകക്ഷി ഭേദമന്യേ ഒരു വിഭാഗത്തിന്റെ ഉറക്കം കെടുത്തുന്നത്.

ഒന്നര വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തില്‍ ഇപ്പോള്‍ പിണറായിക്ക് നല്‍കിയ പരാതിയില്‍ പൊലീസ്, ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈനടക്കമുള്ളവരെ പ്രതിയാക്കിയതാണ് ഒരുവിഭാഗം രാഷ്ട്രീയ നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

സാമ്പത്തിക-വസ്തു ഇടപാടുകളില്‍ മധ്യസ്ഥത വഹിച്ച് ഇടപെടല്‍ നടത്തുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടിയിലെയും ഒരു വിഭാഗം നേതാക്കള്‍ മോശമല്ലെന്നിരിക്കെ, അനുകൂല തീരുമാനം ലഭിക്കാത്ത വിഭാഗം പഴയതെല്ലാം കുത്തിപ്പൊക്കി പരാതിയുമായി രംഗത്ത് വന്നാല്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം നല്ലൊരു വിഭാഗം കുടുങ്ങുമെന്നാണ് സൂചന.

പാര്‍ട്ടി പ്രവര്‍ത്തനം റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി നേട്ടം ഉണ്ടാക്കുന്ന നല്ലൊരു വിഭാഗം നേതാക്കളുണ്ട് കേരളത്തില്‍. താഴേ തട്ടുമുതല്‍ മേലെ തട്ട് വരെയുള്ള നേതാക്കള്‍ വരെ പെടുമിതില്‍. ഇത്തരക്കാരുടെ കാര്യമാണ് ഇപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത്.

രാഷ്ട്രീയ ഇടപെടലുകളില്‍ അതൃപ്തിയുള്ള വിഭാഗങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തെ പേടിച്ച് പലതും പുറത്ത് പറയാതിരിക്കുകയാണ് പതിവ്.

കൊച്ചിയടക്കം സംസ്ഥാനത്തെ മിക്ക ജില്ലകളിലും വിവിധ കേസുകളിലെ മധ്യസ്ഥതക്കും ഇടപെടലുകള്‍ക്കുമെല്ലാം വന്‍തുക കോഴ വാങ്ങുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം നിത്യ സംഭവമായിരിക്കെയാണ് ഇപ്പോഴത്തെ പൊലീസ് നടപടി.

സക്കീര്‍ ഹുസൈനെതിരെ ഒരു പരാതി രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ സംഘടിതമായി നിരവധി പരാതികളാണ് പൊലീസിലേക്ക് പ്രവഹിച്ചത്. രാഷ്ട്രീയ വിരോധികളും എതിര്‍വിഭാഗത്തില്‍പ്പെട്ട കക്ഷികളും അവസരം ശരിക്കും മുതലെടുക്കുകയാണ്.

സാമ്പത്തിക ഇടപാടുകളിലും മറ്റും ഇടപെടല്‍ നടത്തിയാല്‍ സ്വന്തം പാര്‍ട്ടിയിലെ ഉന്നതനായാലും നടപടിയുണ്ടാവുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അതിന്റെ തുടക്കം തന്നെയായിരുന്നു സക്കീര്‍ ഹുസൈനെതിരായ കേസ്.

കറുകപ്പള്ളിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവരെ ഒരുസ്ത്രീ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രി നേരിട്ട് കമ്മീഷണറെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവത്രെ.

റേഞ്ച് ഐജി അടക്കമുള്ളവര്‍ക്കെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കമ്മീഷണറെ നേരിട്ട് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രിയുടെ നിലപാടിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരവകുപ്പ് നടപടി ശക്തമാക്കിയതോടെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഇപ്പോള്‍ പരാതി പ്രളയമാണ്.

മുഖ്യമന്ത്രിക്ക് തന്നെ നേരിട്ട് നിരവധി പരാതികളാണ് ദിവസവും സാമ്പത്തിക ഇടപാട് സംബന്ധമായി മാത്രം ലഭിക്കുന്നത്.

സാധാരണ മുഖ്യമന്ത്രിമാര്‍ താഴേക്ക് കൈമാറുന്ന പരാതികളോട് സ്വീകരിക്കുന്ന സമീപനമല്ല പിണറായി കൈമാറുന്ന പരാതികളില്‍ പൊലീസ് കാണിക്കുന്നത്. ഗൗരവമായി കണ്ടില്ലെങ്കില്‍ തൊപ്പി തെറിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരും ജാഗ്രതയിലാണ്.

നിയമവിരുദ്ധ കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നുണ്ടായാല്‍ സംരക്ഷണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മറ്റികള്‍ വഴി കീഴ്ഘടകങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം തന്നെ ഇപ്പോള്‍ വീണ്ടും നല്‍കി വരികയാണ്.

സിപിഎം നേതാക്കള്‍ വരെ പിണറായി ഭരണത്തില്‍ കുരുങ്ങിയ സ്ഥിതിക്ക് ഇനി തങ്ങളുടെ സ്ഥിതി എന്താവുമെന്ന് പേടിച്ച് പ്രതിപക്ഷത്തെ ഒരുവിഭാഗവും ഇപ്പോള്‍ പരക്കം പായുകയാണ്. തങ്ങള്‍ മുന്‍കാലങ്ങളില്‍ ഇടപെട്ട വിഷയങ്ങളില്‍ അതൃപ്തരായി നില്‍ക്കുന്നവരെ കണ്ട് അനുനയിപ്പിക്കാനാണിതത്രെ.

Top