Political intervention; senior anchor resigned from News 18

തിരുവനന്തപുരം : റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ലെ സീനിയര്‍ വാര്‍ത്താ അവതാരകന്‍ എസ്.വി.പ്രദീപ് രാജിവച്ചു.മാനേജ്‌മെന്റിന്റെ താല്‍പ്പര്യപ്രകാരം നടക്കുന്ന ഇടപെടലുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

ഹൈദരാബാദ് ആസ്ഥാനമായ ഇ ടി വി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സി.എന്‍.എന്‍ – ഐ.ബി.എന്‍ ചാനലിന്റെ മുഴുവന്‍ ഓഹരികളും ഇപ്പോള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ അന്‍പതിനടുത്ത് ഷെയറുകളായിരുന്നു റിലയന്‍സ് ഗ്രൂപ്പിന് ഉണ്ടായിരുന്നത്.

ഇപ്പോള്‍ മുഴുവന്‍ ഓഹരിയും സ്വന്തമാക്കിയതോടെ നിലവിലെ ഉടമയും ചീഫ് എഡിറ്ററുമായ ജഗദീഷ് ചന്ദ്രയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. പകരം രാഹുല്‍ ജോഷിയാണ് മേധാവി. വീഡിയോ കോണ്‍ഫറന്‍സ് വഴി കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സ്‌ക്ലുസീവ് അഭിമുഖം അടുത്തയിടെ ചാനലിനുവേണ്ടി നടത്തിയ നോര്‍ത്ത് ഇന്ത്യന്‍കാരനാണ് രാഹുല്‍.

കേരളത്തിലെ ന്യൂസ് 18 അടക്കം 13 ചാനലുകളാണ് സി.എന്‍.എന്‍. ന്യൂസ് 18 ന് ഇപ്പോഴുള്ളത്. അംബാനിയുടെ നിയന്ത്രണം പൂര്‍ണ്ണമായതോടെയാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ എന്ന പേര് സി.എന്‍.എന്‍ ന്യൂസ് 18 ആക്കി മാറ്റിയത്. ജഗദീഷ് ചന്ദ്രയെ മാറ്റിയതോടെ ചാനലില്‍ രാഷ്ട്രീയ താല്‍പ്പര്യം വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദീപിന്റെ രാജി.

ഇനി മുതല്‍ ന്യൂസ് 18 അടക്കമുള്ള ഗ്രൂപ്പിലെ ചാനലുകളുടെ ആസ്ഥാനം നോയിഡയായിരിക്കും.

പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ ഗ്രൂപ്പില്‍പ്പെട്ട ഒരു പ്രധാന വ്യക്തിയും അംബാനി ഗ്രൂപ്പിലെ മറ്റൊരു പ്രമുഖനുമാണ് മാനേജ്‌മെന്റിനുവേണ്ടി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നാണ് പറയപ്പെടുന്നത്.

ഇതുവരെ സ്വതന്ത്ര മുഖമുണ്ടായിരുന്ന ന്യൂസ് 18 ന് അത് നഷ്ടമാകുന്നത് കൊണ്ടാണ് താന്‍ രാജിവച്ചതെന്ന് എസ്.പി. പ്രദീപ് പറഞ്ഞു. നേരത്തെ കൈരളി പീപ്പിള്‍ ചാനലിലെ സീനിയര്‍ വാര്‍ത്താ അവതാരകനായിരുന്നു പ്രദീപ്.

എഡിറ്റോറിയല്‍ പ്രോഗ്രാം ചുമതലയുള്ളവര്‍ക്ക് ചര്‍ച്ചക്ക് ഗസ്റ്റിനെ വിളിക്കുന്ന കാര്യത്തില്‍ പോലും നിയന്ത്രണമുണ്ടായിരുന്നുവത്രെ. പലപ്പോഴും ഭരണകക്ഷിയുടെ പ്രതിനിധികളെ വിളിക്കുന്ന കാര്യത്തിലായിരുന്നു ഇത്.

പത്ത് വര്‍ഷം കൊണ്ട് കേരള ഭരണം പിടിക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പറഞ്ഞതും ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരനെ കേരളത്തില്‍ എന്‍.ഡി.എ യുടെ വൈസ് ചെയര്‍മാനാക്കിയതും ജനം ടി.വി യില്‍ നിന്ന് സി.ഇ.ഒ യും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ രാജേഷ് പിള്ളയെ തെറിപ്പിച്ച് കേണലിന് ചുമതല നല്‍കിയതും ഇപ്പോള്‍ ന്യൂസ് 18-ല്‍ ആര്‍.എസ്.എസ് അനുഭാവികള്‍ പിടിമുറുക്കിയതുമെല്ലാം ചേര്‍ത്ത് വായിക്കേണ്ടതാണെന്നാണ് ഒരു വിഭാഗം മാധ്യമ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കേരളത്തില്‍.

ന്യൂസ് 18 ല്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരത്തിന്റെ ഭാഗമായി എല്ലാ പാര്‍ട്ടികളുടെയും ജില്ലാ നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് മുകളിലോട്ട് റിപ്പോര്‍ട്ട് ചെയ്യാനും ലീഡേഴ്‌സ് ഡെയ്‌ലി ടൂര്‍ ഡയറി സബ്മിറ്റ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രിമാരുടെ മൂവ്‌മെന്റ് നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.

ഇന്റലിജന്‍സ് രൂപത്തില്‍ നല്‍കുന്ന നിര്‍ദ്ദേശത്തിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം തന്നെ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പലരും മാനസികമായി കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്ത് വരുന്ന വിവരം.

Top