രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം; സച്ചിന്‍ പൈലറ്റ് തുറന്ന പോരിലേക്ക്

ജയ്പൂര്‍: കോണ്‍ഗ്രസ് രണ്ട് ചേരിയിലായതോടെ രാജസ്ഥാനിലെ രാഷ്ട്രീയത്തില്‍ പ്രതിസന്ധിരൂക്ഷമാകുന്നു. അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് തുറന്ന പോരിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഇതോടെ നാളെ ഗവര്‍ണറെ കാണുമെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.

രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്മായെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. തനിക്കൊപ്പം 30 എംഎല്‍എമാര്‍ ഉണ്ടെന്നും നാളെ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു. പൈലറ്റിനെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത് വന്നു. പൈലറ്റിനെ അവഗണിക്കുന്ന കോണ്‍ഗ്രസ് നിലപാട് ദുഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

നാളെ അടിയന്തര നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു. രാജസ്ഥാനില്‍ സ്ഥിതി സങ്കീര്‍ണമാണെന്നും ദേശീയ നേതൃത്വം ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി സച്ചിന്‍ പൈലറ്റ് നിലവില്‍ ദില്ലിയിലുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ സംഘം ഡല്‍ഹി അതിര്‍ത്തിയിലെ ഗുഡ്ഗാവില്‍ തങ്ങുന്നതായും സൂചനയുണ്ട്.

Top