ഗോവയില്‍ രാഷ്ട്രീയ കരുനീക്കവുമായി കോണ്‍ഗ്രസ്; നേതാക്കള്‍ ഗവര്‍ണറെ കാണും

Indian-National-Congress-Flag-1.jpg.image.784.410

പനാജി: ഗോവയില്‍ രാഷ്ട്രീയ കരുനീക്കവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. സംസ്ഥാനം ഭരണ സ്തംഭനത്തിലാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് എംഎംല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ ശ്രമിക്കുകയാണ്. അതേസമയം, ഗോവയില്‍ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന് വിട്ടു.

രണ്ട് കത്തുകളുമായിട്ടാണ് കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാര്‍ രാജ്ഭവനില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യാന്‍ പാടില്ലെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ശക്തമായ മറ്റൊരു ഒറ്റ കക്ഷി സംസ്ഥാനത്തുണ്ട്. അതിനാല്‍, തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് പ്രധാന ആവശ്യം.

മനോഹര്‍ പരീക്കറിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് നേതൃമാറ്റം സംബന്ധിച്ച് ബിജെപിയിലും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിലയിരുത്തലുകള്‍ അമിതാ ഷായെ ധരിപ്പിച്ചതിന് ശേഷമാകും സംസ്ഥാനത്തെ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. രണ്ട് ദിവസമായി ഇക്കാര്യങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. എന്‍സിപിയുടെ ഒരു എംഎല്‍എ ബിജെപിയ്‌ക്കൊപ്പമുണ്ട്. ഇദ്ദേഹത്തെ തിരികെ കൊണ്ടുവന്നാല്‍ എംഎല്‍എമാരുടെ എണ്ണം 17 ആകും. മൂന്ന് സ്വതന്ത്രരും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് 6 എംഎല്‍എമാരാണുള്ളത്. ഇതില്‍ നിന്ന് ഏതെങ്കിലും 3 പേരെ കൂടി കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാം എന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്.

എന്നാല്‍ ഇതുവരെ ഗവര്‍ണര്‍ കാണാന്‍ സമയം നല്‍കിയിട്ടില്ല. നാളെയാണ് കോണ്‍ഗ്രസിന് സമയം ലഭിക്കുന്നതെങ്കില്‍ സ്ഥിതി കുറച്ചു കൂടി സങ്കീര്‍ണ്ണമാകും. ബിജെപി ഇതിനിടയില്‍ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. അതിനിടെ, മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടു വരണമെന്ന് ബിജെപിയുടെ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ബിജെപി നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ ഗോവയില്‍ ഉണ്ടാകാം.

Top