ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നുവെന്ന് സൂചന

Nirav MODI

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ ശ്രമങ്ങളുമായി നീരവ് മോദി. ആദ്യ പടിയെന്ന നിലയില്‍ ഒരു അഭിഭാഷകനെ നീരവ് മോദി തിരയുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടനില്‍ രണ്ട് നിയമ സ്ഥാപനങ്ങളെ ഇതിനോടകം നീരവ് മോദി സമീപിച്ചെന്നാണു സൂചന. ഇതില്‍ ഒന്ന് ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ആനന്ദ് ദൂബെയുമായി ബന്ധമുള്ള ബുട്ടീക് ലോ എന്ന സ്ഥാപനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജയ് മല്ല്യയെ സഹായിക്കുന്ന അഭിഭാഷകന്‍ കൂടിയാണ് ആനന്ദ്. അതേസമയം, നീരവ് മോദിയുടെ യാത്രകളെ സംബന്ധിച്ചും ഇയാള്‍ എവിടെയാണെന്നത് സംബന്ധിച്ചും ഇതു വരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ അറിയിച്ചത്.

കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നു കടന്ന മോദി ഹോങ്കോംഗിലല്ല, മറിച്ച് അമേരിക്കയിലാണ് ഒളിവില്‍ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിലാണ് മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നത്.

മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെ നിന്ന് ഹോങ്കോംഗിലേക്കു എത്തിയതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ലോസ് റീജന്‍സി ഹോട്ടലിനു പരിസരത്ത് ഇയാളെ കണ്ടതയും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോങ്കോംഗിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ചൈനയുടെ പ്രത്യേക ഭരണനിയന്ത്രണത്തിലൂള്ള ഹോങ്കോംഗ് അറസ്റ്റിനുള്ള അനുമതി നല്‍കിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് മോദി ലണ്ടനിലേക്കു കടന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാല്‍ പിടികൂടാനുള്ള സാധ്യത മനസിലാക്കി ബെല്‍ജിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു ഹോങ്കോംഗില്‍ നിന്നു കടന്നതെന്നാണ് വിവരം.

Top