ലണ്ടനില്‍ നിന്ന് പൊളിയോ വൈറസ് സാമ്പിളുകള്‍ ലഭിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

ലണ്ടൻ: ലണ്ടനിലെ മലിനജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളിൽ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തിൽ നിന്ന് വേർതിരിച്ചത്. ലണ്ടനിൽ നിന്നും ടൈപ്പ് 2 വാക്‌സിൻഡെറൈവ്ഡ് പോളിയോ വൈറസ് കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആർക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങൾ പൂർത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിർദേശം.

അഞ്ച് വയസിൽ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. 125 രാജ്യങ്ങളിൽ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ വാക്‌സിനേഷന് ശേഷം 1988 മുതലിങ്ങോട്ട് പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാൻ സാധിച്ചിരുന്നു.

പോളിയോ വൈറസിന്റെ ചെറിയ ചില വകഭേദങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്താനിലും മാത്രമായിരുന്നു 1988ന് ശേഷം റിപ്പോർട്ട് ചെയ്തിരുന്നത്. അവയും അത്ര ഗുരുതരമായിരുന്നില്ല. ഓറൽ പോളിയോ വാക്‌സിനേഷന് ശേഷം കുഞ്ഞിന്റെ മലവിസർജനങ്ങൾ കലർന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഇപ്പോൾ അന്വേഷിക്കുന്നത്.

Top