മഹാരാഷ്ട്ര, ഹരിയാണ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു; പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കര്‍ണാടക നിയമസഭയിലെ 15 സീറ്റുകളിലും ഉത്തര്‍ പ്രദേശ് നിയമസഭയിലെ പതിനൊന്ന് സീറ്റുകളിലും ഇന്നാണ് ഉപതിരഞ്ഞെടുപ്പ്.

മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 150 ഇടത്ത് ബി.ജെ.പിയും 124സീറ്റുകളില്‍ ശിവസേനയും മത്സരിക്കുന്നു. ബാക്കിയുള്ളിടത്ത് മറ്റ് സഖ്യകക്ഷികളും മത്സരിക്കുന്നു. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളില്‍ എന്‍.സി.പിയും മത്സരരംഗത്തുണ്ട്.

ഏകദേശം 225സീറ്റുകളില്‍ ബി.ജെ.പി. ശിവസേനാ സഖ്യം വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുംബൈയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടമായെന്നും അവര്‍ മത്സരരംഗത്ത് ഒരിടത്തുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ മോദിക്കും ഫഡ്നാവിസിനുമൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.സി.പി നേതാവ് സുപ്രിയ സുലെ ബാരാമതിയില്‍ വോട്ട് രേഖപ്പെടുത്തി. സുപ്രിയയുടെ അടുത്തബന്ധുവും എന്‍.സി.പി. നേതാവുമായ അജിത് പവാറാണ് ബരാമതിയില്‍ മത്സരിക്കുന്നത്. ഗോപീചന്ദ് പദല്‍ക്കറാണ് അജിത് പവാറിന്റെ എതിരാളി.

ഹരിയാണയില്‍ പി.സി.സി. അധ്യക്ഷ കുമാരി സെല്‍ജ, യശോദാ പബ്ലിക് സ്‌കൂളിലെ 103-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഒളിമ്പിക്സ് മെഡല്‍ ജേതാവും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ യോഗേശ്വര്‍ ദത്ത് സോണിപത്തില്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാവായ കൃഷന്‍ ഹൂഡയ്ക്കെതിരെയാണ് യോഗേശ്വര്‍ മത്സരിക്കുന്നത്.

Top